പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപിയുടെ മകന്‍ മാധവ്. പ്രധാനമന്ത്രിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നില്‍ നില്‍ക്കാനായത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് മാധവ് സുരേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പ്രധാനമന്ത്രിക്കും സഹോദരി ഭാവ്‌നിയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മാധവ് സുരേഷിന്റെ കുറിപ്പ്. കഴിഞ്ഞ ദിവസമാണ് അച്ഛന്‍ സുരേഷ് ഗോപിക്കും സഹോദരിക്കുമൊപ്പം മാധവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത്. തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സന്ദര്‍ശനം. നരേന്ദ്ര മോദിയുമൊത്തുള്ള ചിത്രം നടന്‍ സുരേഷ് ഗോപിയും പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.
സുരേഷ് ഗോപിയുടെ നാല് മക്കളില്‍ ഇളയ ആളാണ് നടന്‍ കൂടിയായ മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു. മാധവ് സുരേഷ് നായകനായി എത്തുന്ന ‘കുമ്മാട്ടിക്കളി’ അണിയറയില്‍ ഒരുങ്ങുകയാണ്. സുരേഷ് ഗോപിയും മാധവും മുഖ്യവേഷങ്ങളിലെത്തുന്ന ജെ.എസ്.കെ എന്ന ചിത്രവും പുരോഗമിക്കുകയാണ്. നേരത്തെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുരേഷ് ഗോപി ക്ഷണിക്കാനെത്തിയ ചിത്രം ശ്രദ്ധനേടിയിരുന്നു. ഭാര്യ രാധികയ്ക്കും മകള്‍ക്കും ഒപ്പമാണ് താരം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്തിക്ക് വിവാഹക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങള്‍ സുരേഷ് ഗോപി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കി. ‘കുടുംബങ്ങളുടെ നേതാവ്’ എന്ന ക്യാപ്ഷനോടെയാണ് മോദിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്.
ജനുവരി പതിനേഴാം തീയതി ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. ശ്രേയസ്സ് മോഹന്‍ ആണ് വരന്‍. കഴിഞ്ഞ ജൂലൈയില്‍ ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് വിവാഹ റിസപ്ഷന്‍ നടക്കും.