അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി മൂന്ന് പുതിയ വികസനപദ്ധതികള്‍ ഉദ്ഘാടനംചെയ്തു. വെര്‍ച്വലായാണ് ഇരുരാഷ്ട്രനേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്. ത്രിപുരയിലെ നിശ്ചിന്താപുരിനേയും ബംഗ്ലാദേശിലെ ഗംഗാസാഗറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാതയും ഉദ്ഘാടനംചെയ്ത പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖുല്‍ന-മോംഗ്ല പോര്‍ട്ട് റെയില്‍പാത, ബംഗ്ലാദേശിലെ റാംപാലിലെ മൈത്രി സൂപ്പര്‍ തെര്‍മര്‍ പവര്‍ പ്ലാന്റിന്റെ രണ്ടാം യൂണിറ്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെട്ട മറ്റ് പദ്ധതികള്‍.
അഗര്‍ത്തല-അഖൗര ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്ക് രാജ്യങ്ങള്‍ക്കിടയിലെ വാണിജ്യവികസനത്തിന് സഹായകമാകുമെന്നും ധാക്ക വഴി അഗര്‍ത്തലയ്ക്കും കൊല്‍ക്കത്തയ്ക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യ-ബംഗ്ലാദേശ് സഹവര്‍ത്തിത്വത്തിന്റെ വിജയമാഘോഷിക്കാനായി ഇരുരാജ്യങ്ങളും വീണ്ടും ഒരുമിക്കുകയാണെന്നുള്ളത് ഏറെ ആഹ്ളാദം പകരുന്ന സംഗതിയാണെന്ന് ഷെയ്ഖ് ഹസീനയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ നരേന്ദ്ര മോദി പറഞ്ഞു. പതിറ്റാണ്ടുകള്‍ സംഭവിക്കാതിരുന്ന നേട്ടങ്ങളാണ് കഴിഞ്ഞ ഒമ്പത് കൊല്ലത്തിനിടെ ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദബന്ധത്തില്‍ കൈവരിക്കാനായതെന്നും മോദി കൂട്ടിച്ചേര്‍ത്തു.