നന്ദി പ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ഡല്‍ഹി: നന്ദി പ്രമേയ ചര്‍ച്ചയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും. ഈ ആഴ്ച ആദ്യം ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചിരുന്നു. പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടുവെന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്.

ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 400 സീറ്റിലധികം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ”കോണ്‍ഗ്രസ് ഒരു റദ്ദാക്കല്‍ സംസ്‌കാരത്തില്‍ കുടുങ്ങിയിരിക്കുകയാണ്. അവര്‍ വന്ദേഭാരതും മെയ്ക്ക് ഇന്‍ ഇന്ത്യ, പുതിയ പാര്‍ലമെന്റ് മന്ദിരം തുടങ്ങിയവയല്ലാം റദ്ദാക്കും. ഇന്ത്യയുടെ എല്ലാനേട്ടങ്ങളെയും അവര്‍ റദ്ദ് ചെയ്യും.” പ്രധാനമന്ത്രി പറഞ്ഞു. മോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരികയാണെങ്കില്‍ യുഎസിനും ചൈനയ്ക്കും പിറകേ ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമ്മേളനം ഒരു ദിവസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ അവസ്ഥയും 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ഇതുവരെയുള്ള ഇന്ത്യയുടെ സമ്പദ്ഘടനയും വിശദമാക്കുന്ന റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കും. ജനുവരി 31ന് തുടങ്ങിയ പാര്‍ലമെന്റ് സമ്മേളനം ഫെബ്രുവരി ഒമ്പതിനാണ് അവസാനിക്കുക. ലോക്‌സസഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാനത്തെ സമ്മേളനമാണ് ഇത്.

Top