ഡല്‍ഹി: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പീഡനപരാതിയുള്‍പ്പെടെ ഉയര്‍ത്തിയ സ്ത്രീകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളിലെ ബിജെപിയുടെ വനിതാ വിഭാഗത്തിന്റെ സുപ്രധാന യോഗത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് ആറിനെത്തുന്ന പ്രധാനമന്ത്രി സന്ദേശ്ഖാലിയില്‍ നിന്നുള്ള കുറച്ചുസ്ത്രീകളെ കണ്ടേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ ശൈഖ് ഷാജഹാനും കൂട്ടാളികള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയതോടെയാണ് നോര്‍ത്ത് 24 പര്‍ഗാനാസിലെ ഗ്രാമം ദേശീയ ശ്രദ്ധയിലേക്കെത്തിയത്. തൃണമൂല്‍ നേതാവിനെതിരേ നിരവധി സ്ത്രീകള്‍ ലൈംഗികപീഡനപരാതി ഉന്നയിച്ചു. കൂടാതെ ഭൂമികൈമാറ്റക്രമക്കേടുകളും ഉന്നയിക്കപ്പെട്ടു. സംസ്ഥാന,കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളും ഷാജഹാനും കൂട്ടര്‍ക്കുമെതിരേ ആരോപിക്കപ്പെട്ടു. ഒരു മാസമായി ഷാജഹാന്‍ ഒളിവിലാണ്.
സന്ദേശ്ഖാലി വിഷയത്തെ തിരഞ്ഞെടുപ്പില്‍ നേട്ടമാക്കി മാറ്റാനുള്ള ബി.ജെ.പി. നീക്കത്തെയാണ് ഗ്രാമത്തിലെ സ്ത്രീകളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. 2019 ലെ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ തങ്ങളുടെ നില മെച്ചപ്പെടുത്തി 19 സീറ്റുകള്‍ കൂടി ബി.ജെ.പി. നേടിയിരുന്നു. ഇത്തവണ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് പാര്‍ട്ടി. ശൈഖ് ഷാജഹാനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി മമത ബാനര്‍ജിക്കെതിരേയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയും ബി.ജെ.പി. ശക്തമായ ആരോപണം ഉയര്‍ത്തുന്നുണ്ട്.