പ്രൈം വോളി ലീഗ് താരലേലം നാളെ കൊച്ചിയിൽ

കൊച്ചി : ഒളിംപിക് സ്വർണ ജേതാവ് ഡേവിഡ് ലീ (യുഎസ്) വീണ്ടും ഇന്ത്യയിലേക്ക്. ലീ ഉൾപ്പെടെ നാനൂറിലേറെ കളിക്കാർക്കുവേണ്ടി പ്രൈം വോളിബോൾ ലീഗ് താരലേലം നാളെ കൊച്ചിയിൽ. 2019ൽ പ്രോവോളി ലീഗിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു വേണ്ടി കളത്തിലിറങ്ങിയ ഡേവിഡ് ലീക്കു പുറമേ വെനസ്വേലയിൽനിന്ന് ലൂയി അന്റോണിയോ അരിയാസ് ഗുസ്മാൻ ഉൾപ്പെടെയുള്ള താരങ്ങളും ലേലത്തിലുണ്ടാകും.

ടോക്കിയോ ഒളിംപിക്സിൽ കളിച്ചതാണു ഗുസ്മാൻ. ഇന്ത്യയിലെ മുൻനിര കളിക്കാരായ അശ്വൽ റായ്, സി. അജിത് ലാൽ, ജി.എസ്. അഖിൻ, ദീപേഷ് കുമാർ സിൻഹ, ജെറോം വിനീത്, എ. കാർത്തിക്, നവീൻ രാജ ജേക്കബ്, വിനീത് കുമാർ എന്നിവരെ ലേലത്തിൽ പ്ലാറ്റിനം വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ‘ഗോൾഡ്’ വിഭാഗത്തിൽ 33 കളിക്കാരുണ്ട്.

7 ടീമുകൾ, 24 മത്സരങ്ങൾ. സോണി പിക്ചേഴ്സിൽ തത്സമയ സംപ്രേഷണം. എല്ലാ കളിയും കൊച്ചിയിൽ ആവാനാണു സാധ്യത. അടുത്തവർഷം ആദ്യം തുടങ്ങാനാവുമെന്നാണു പ്രതീക്ഷ.

Top