ലോകം കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട മാരക വൈറസ് ഇപ്പോള്‍ അതിര്‍ത്തികള്‍ കടന്ന് വിവിധ രാജ്യങ്ങളില്‍ ആശങ്കയായി മാറുകയും, ജീവന്‍ കവരുകയും ചെയ്യുകയാണ്. ഈ സമയത്ത് വിദേശ രീതിയിലുള്ള ഹസ്തദാനവും, ചുംബനവും ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ‘നമസ്‌തേ’ ലോകനേതാക്കള്‍ സ്വന്തമാക്കിക്കഴിഞ്ഞു.
യുകെയില്‍ കൊറോണാ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആശംസിക്കാന്‍ മറ്റ് വഴികള്‍ തേടുകയാണ്, ബ്രിട്ടനിലെ രാജകുടുംബവും ഈ വഴിക്കാണ്. പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. ചാള്‍സ് രാജകുമാരന്‍ പൊതുപരിപാടിക്ക് എത്തുമ്പോള്‍ ഹസ്തദാനം നിഷേധിച്ച് ‘നമസ്‌തേ’ പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ലണ്ടന്‍ പല്ലേഡിയത്തില്‍ രാജകുമാരന്റെ ട്രസ്റ്റ് അവാര്‍ഡ്‌സ് ചടങ്ങിന് എത്തിയപ്പോഴാണ് ചാള്‍സ് നമസ്‌തേ പറഞ്ഞത് ഐഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാനാണ് വീഡിയോ പങ്കുവെച്ചത്. ‘നമസ്‌തേ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യക്കാര്‍ ലോകത്തോട് പറഞ്ഞതാണിത്. ഇതാ നമസ്‌തേ എങ്ങിനെ വൃത്തിയായി പറയാമെന്നതിന് ക്ലാസ്’, അദ്ദേഹം കുറിച്ചു.
പതിവ് രീതിയില്‍ ഹസ്തദാനത്തിന് ഒരുങ്ങിയ ശേഷമാണ് പ്രതിരോധ ഉത്തരവുകളുടെ കാര്യം രാജകുമാരനും സ്വീകരിക്കാന്‍ എത്തുന്ന വ്യക്തിയും ഓര്‍മ്മിക്കുന്നത്. പൊടുന്നനെ കൈ പിന്‍വലിച്ച് ഇവര്‍ നമസ്‌തേ പറയുന്നു. മറ്റുള്ളവര്‍ക്കും നമസ്‌തേയാണ് ഇദ്ദേഹം നല്‍കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്‌പെയിന്‍ രാജാവിനെയും, രാജ്ഞിയെയും സ്വീകരിക്കുമ്പോഴും നമസ്‌തേയാണ് ഉപയോഗിച്ചത്.