ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആതിഫ് അസ്‌ലം ബോളിവുഡിലേക്ക്. വിലക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ഇന്ത്യന്‍ സംഗീത ലോകത്ത് നിന്ന് വിട്ട് നിന്ന ഗായകന്‍ വീണ്ടുമെത്തുന്നത്. ബോളിവുഡ് മെലഡീസ് കൊണ്ട് ഇന്ത്യന്‍ സംഗീതാസ്വദകരെ കീഴടക്കിയ പാകിസ്താനി ഗായകനാണ് ആതിഫ് അസ്‌ലം.
അധ്യായന്‍ സുമന്‍, ദിവിതാ റായി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമിത് കസാരിയ സംവിധാനം ചെയ്യുന്ന ‘ലവ് സ്റ്റോറി ഓഫ് 90സ്’ (LSO90’s) എന്ന ചിത്രത്തിനായാണ് ആതിഫ് പാടിയിരിക്കുന്നത്. ആതിഫിന്റെ തിരിച്ചുവരവില്‍ ലവ് സ്റ്റോറി ഓഫ് 90സിന്റെ നിര്‍മ്മാതാക്കളായ ഹരീഷ് സംഗനി, ധര്‍മേഷ് സംഗനി എന്നിവര്‍ ആശംസകളറിയിച്ചു. ആതിഫിന്റെ തിരിച്ചുവരവില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ആവേശഭരിതരാകുമെന്നും ഈ ഗാനം സ്വീകരിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
2003ല്‍ ‘ജല്‍’ എന്ന ബാന്‍ഡിന്റെ ഭാഗമായാണ് അതിഫ് അസ്‌ലാം തന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. ഉറുദുവിലാണ് ആതിഫ് കൂടുതലും പാടിയിട്ടുള്ളതെങ്കിലും ഹിന്ദി, പഞ്ചാബി, ബംഗാളി, പാഷ്‌തോ എന്നിവയില്‍ പാടി ആതിഫ് തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചു. തന്റെ സംഗീത നേട്ടങ്ങള്‍ക്ക് പുറമെ, 2011-ല്‍ ഉര്‍ദു സോഷ്യല്‍ ഡ്രാമ ചിത്രമായ ‘ബോള്‍’ എന്ന ചിത്രത്തിലൂടെ ആതിഫ് തന്റെ അഭിനയ അരങ്ങേറ്റവും നടത്തി. ‘ദില്‍ ദിയാന്‍ ഗല്ലന്‍’, ‘മെയിന്‍ രംഗ് ശര്‍ബത്തോണ്‍ കാ’ തുടങ്ങിയ ചാര്‍ട്ട്-ടോപ്പിംഗ് ട്രാക്കുകളും അദ്ദേഹം പാടിയിട്ടുണ്ട്.