യുകെ: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരൻ്റെ (99) സംസ്‌കാരം അടുത്ത ശനിയാഴ്‌ച നടക്കും. എല്ലാവിധ ചട്ടങ്ങളും പാലിച്ച് ഏപ്രിൽ 17ന് വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
ശനിയാഴ്‌ച ഉച്ച കഴിഞ്ഞ് 3 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുന്നത്. കൊവിഡ്-19 നിയന്ത്രണങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക. ചടങ്ങിൽ 30 പേർ മാത്രമേ പങ്കെടുക്കൂ എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഫിലിപ്പ് രാജകുമാരൻ്റെ മക്കൾ, കൊച്ചുമക്കൾ, ഏറ്റവുമടുത്ത ബന്ധുക്കൾ എന്നിവർ പങ്കെടുക്കും. സംസ്‌കാരത്തിന് ശേഷം രണ്ടാഴ്‌ചത്തേക്ക് രാജ്യത്ത് ദുഃഖാചാരണം നടത്തും.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ല. ഹാരി രാജകുമാരൻ്റെ ഭാര്യ മേഗന്‍ മാര്‍ക്കൽ ചടങ്ങിൽ പങ്കെടുക്കില്ല. രാജകുടുംബവുമായി തർക്കം തുടരുന്നതിനിടെയാണ് മേഗന്‍ പങ്കെടുക്കില്ല എന്ന വാർത്ത പുറത്തുവന്നത്. ഹാരി ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്.