കോവിഡിനെതിരായ പോരാട്ടത്തില്‍ വിശ്രമമില്ലാതെ ജോലിയെടുക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. രോഗമുള്ളവരുമായി അടുത്തിടപഴകിയും സമ്പര്‍ക്കം ഒഴിവാക്കാന്‍ സുരക്ഷാ കിറ്റുകള്‍ ധരിച്ച് മുന്‍കരുതലെടുക്കുമ്പോഴും അവരെക്കുറിച്ചുള്ള ആശങ്ക ഉയരുകയാണ്. എന്നാല്‍ ഇപ്പോഴിതാ ആരോഗ്യ പ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകയാവാനൊരുങ്ങി സ്വീഡനിലെ രാജകുമാരി സോഫിയ രംഗത്ത്.
കാള്‍ ഫിലിപ് രാജാവ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സ്വീഡനില്‍ സ്റ്റോക്‌ഹോമിലെ സോഫിയമെറ്റ് ആശുപത്രിയിലാണ് രാജകുമാരി സേവനം ചെയ്യാന്‍ പോകുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ലോകത്തിനു മുഴുവന്‍ മാതൃകയാകുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത്.
ആശുപത്രിയുടെ ഓണററി ചെയര്‍ എന്ന വിശിഷ്ട പദവിയില്‍ ഇരിക്കെയാണ് ഒരു സാധാരണ ആരോഗ്യപ്രവര്‍ത്തകയാനുള്ള ധൈര്യയും സന്നദ്ധതയും രാജകുമാരിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
‘കഴിഞ്ഞയാഴ്ച ഞാന്‍ ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുകയായിരുന്നു. അടിയന്തര പ്രതികരണ വിഭാഗത്തിലായിരുന്നു പരിശീലനം. ഞാന്‍ അതു പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഒരു ആശുപത്രിയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. പുതുതായി ഇവിടെ നിയമിതരായിരിക്കുന്ന പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കൊപ്പം ഞാനും ജോലി തുടങ്ങുകയാണ്. രോഗികളെ പരിചരിക്കുന്നതിനൊപ്പം ശുചീകരണ വിഭാഗത്തിലും ജോലി ചെയ്യുന്നുണ്ട്. എന്നെക്കൊണ്ടാവുന്ന രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം ലഘൂകരിക്കുകയാണ് ലക്ഷ്യം.ലോകം മഹാമാരിക്കെതിരെ പോരാടുമ്പോള്‍ എനിക്കും ഒരവസരം കിട്ടിയതില്‍ നന്ദിയുണ്ട്- വിനയത്തോടെ ഇന്‍സ്റ്റഗ്രാമില്‍ രാജകുമാരി കുറിച്ചു.
അതേസമയം, 21 ലക്ഷത്തിലധികം പേര്‍ക്കാണ് സ്വീഡനില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. ഒരുലക്ഷത്തിലധികം പേര്‍ മരിച്ചു.