സംഘര്‍ഷം, അറസ്റ്റ്; യൂണിവേഴ്സിറ്റി കോളേജിന് തിങ്കളാഴ്ച അവധി

തിരുവനന്തപുരം : സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ക്ലാസുകള്‍ ഉണ്ടായിരിക്കില്ലെങ്കിലും അധ്യാപകര്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗവും മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഇന്ന് ഉച്ചയ്ക്ക് പൊലീസ് മിന്നല്‍ റെയ്ഡ് നടത്തിയിരുന്നു. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വന്‍ പൊലീസ് സംഘം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ ഇരച്ചെത്തിയത്. തെരച്ചിലിന്റെ ഭാഗമായി ഹോസ്റ്റലില്‍ നിന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ച് പേരും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്. അമല്‍ മുഹമ്മദ്, വിഘ്‌നേഷ്, അജ്മല്‍, സുനില്‍, ശംഭു ടി എന്നീ അഞ്ച് പേരുടെയും അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഇതേ ഹോസ്റ്റലില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്‌ഐ നേതാവായിരുന്ന ‘ഏട്ടപ്പന്‍’ എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇത് വരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ബുധനാഴ്ച രാത്രി എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ‘ഏട്ടപ്പന്‍’ മഹേഷ് കെഎസ്‌യു പ്രവര്‍ത്തകനായ നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ മഹേഷ് നിതിന്‍ രാജിന്റെയും സുദേവ് എന്ന വിദ്യാര്‍ത്ഥിയുടെയും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിച്ചെന്നും ആരോപണമുയര്‍ന്നു. പരാതി ഉന്നയിക്കാനായി പ്രിന്‍സിപ്പാളിനെ കാണാന്‍ കെഎസ്‌യു സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത് എത്തിയതിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ വന്‍ അക്രമമാണ് അരങ്ങേറിയിരുന്നത്.

Top