ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ മരണം ; മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് അറുപത്തി മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.

യു.പി മെഡിക്കല്‍ വിഭ്യാഭ്യസ മന്ത്രി അശുതോഷ് ടണ്ടന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഗുരുതരമായ അലംഭാവം പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതത അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉത്തരവാദികള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണ് മെഡിക്കല്‍ കൊളേജ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുത്തത്.

സംഭവത്തിന്റെ പേരില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോഗ്യമന്ത്രിയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.

Top