‘പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ബന്ധം; അതു പ്രയോജനപ്പെടുത്തും’

കൊച്ചി: കേരളത്തിന്റെ വികസനത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് പ്രൊഫ. കെ വി തോമസ്. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പദവി ചോദിച്ചു വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിക്കുമെന്നും കെ വി തോമസ് പറഞ്ഞു.

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധിയായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളില്‍ എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകണം. കേരളത്തിന് കിട്ടേണ്ട സഹായം കേന്ദ്രത്തില്‍ നിന്നും എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെ കാര്യങ്ങള്‍ നടപ്പിലാക്കും.

വികസനകാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരുപാട് മുന്നോട്ടുപോയി. വികസനത്തില്‍ ഇടത് കാഴ്ചപ്പാടുള്ള ആളാണ്. അതാണ് കെ റെയിലിന് പിന്തുണ നല്‍കിയത്. യച്ചൂരിയോടും മറ്റ് നേതാക്കന്‍മാരോടും നേരത്തെ തന്നെ ബന്ധമുണ്ട്. ഇടതു മുന്നണിയോടൊപ്പമാണ് താന്‍ നില്‍ക്കുന്നത്.

മുമ്പ് നെടുമ്പാശേരി വിമാനത്താവളം, വൈപ്പിന്‍ പദ്ധതികള്‍ വന്നപ്പോളും എതിര്‍പ്പുണ്ടായിരുന്നു. അന്നും വികസനത്തിനൊപ്പമായിരുന്നു താന്‍ നിന്നത്. പ്രധാനമന്ത്രി അടക്കമുള്ളവരുമായി ബന്ധമുണ്ട്. ഇത് കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും കെ വി തോമസ് പറഞ്ഞു.

തന്റെ നിയമനവുമായി ബന്ധപ്പെട്ട് കെ മുരളീധരന്റെ പ്രതികരണത്തിന് മറുപടി പറയാനില്ല. കോണ്‍ഗ്രസില്‍ നിന്നും അപമാനിച്ചാണ് പുറത്താക്കിയത്. ഞാന്‍ അറിയാതെയാണ് എന്നെ മാറ്റിയതെന്നും കെ വി തോമസ് പറഞ്ഞു.

Top