ഭോപ്പാല്‍: അച്ഛനെ കാണാന്‍ ജയിലില്‍ എത്തിയ മക്കളുടെ മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചു.
ജയിലിനകത്തേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത്.
മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം.
വിചാരണത്തടവുകാരനായ അച്ഛനെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്.
സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജയില്‍ അധികൃതരുടെ നടപടിയെ അപലപിക്കുന്നതായും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജയില്‍മന്ത്രി കുസും മെഹ്‌ദെലെ പറഞ്ഞു.
സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മധ്യപ്രദേശ് ബാലാവകാശ കമ്മിഷന്‍ ഡോക്ടര്‍ രാഖവന്ദ്ര അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖത്ത് സീല്‍പതിച്ചത് ദുരുദ്ദേശപരമായല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതാകാമെന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ജയിലിലെ തടവുകാരെ തിരിച്ചറിയാന്‍ ഓരോ സന്ദര്‍ശകന്റെയും കയ്യില്‍ ഒരു പ്രവേശനമുദ്രകുത്താനുള്ള നടപടി നിലവിലുണ്ട്. എന്നാല്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) ജി.ആര്‍. മീന ജയില്‍ മാനുവലില്‍ ഇത്തരമൊരു നിയമം ഇല്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും, അത്തരമൊരു രീതി ഇപ്പോഴും തുടരുകയാണ്.
രക്ഷാബന്ധന്‍ ദിവസമായ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.