മൊസൂള്‍ : ഭീകരതയ്‌ക്കെതിരെ ചുവരെഴുത്തിലൂടെ പ്രതിഷേധിച്ച യുവാവിനെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തലയില്‍ സ്‌പ്രേ പെയിന്റുകൊണ്ട് അടയാളമുണ്ടാക്കിയ ശേഷം വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങളാണ് ഐഎസ് ഭീകരര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നത്.
ഇറാഖ് സേനയുടെ നേതൃത്വത്തിലുള്ള പോരാളികള്‍ ഐഎസിനെതിരെ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണു പുതിയ വീഡിയോ പുറത്തുവന്നത്.
ചുവരെഴുത്തിലൂടെ ഐഎസിനെതിരെ പ്രതിഷേധിക്കുന്നവരുടെ എണ്ണം അടുത്തിടെയായി കൂടിവരികയാണ്. പിടികൂടുന്നവരെ ഉടനടി വധിക്കുകയാണ് ഐഎസ് ചെയ്യുന്നത്.
അതേസമയം, ചാരന്മാരെന്ന് ആരോപിച്ച് അഞ്ചുപേരെ ഐഎസ് വധിക്കുന്നതും 11 മിനിറ്റ് നീണ്ട വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ബന്ദികളെ ജനക്കൂട്ടത്തിനു മധ്യത്തില്‍വച്ച് വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഡ്രോണ്‍ ഉപയോഗിച്ചാണ്.
മൊസൂള്‍ തിരിച്ചുപിടിക്കാനുളള ഇറാഖ് സൈന്യത്തിന്റെ നീക്കത്തിനിടെ ജനങ്ങള്‍ക്കു മുന്നറിയിപ്പായാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മൊസൂളില്‍നിന്നു രക്ഷപെടാനുള്ള നാട്ടുകാരുടെ ശ്രമത്തെയും ഐഎസ് ഭീകരര്‍ പരാജയപ്പെടുത്തുകയാണ്. പിടികൂടുന്നവര്‍ക്കു കനത്ത പിഴയാണ് ഏര്‍പ്പെടുത്തുന്നത്. ഇവരില്‍ ഇറാഖിലെ മുന്‍ സൈനികരോ പൊലീസുകാരോ ഉണ്ടെങ്കില്‍ തലയറുക്കലാണു ശിക്ഷ.
എന്നാല്‍ പത്തു ലക്ഷമോ അതിലധികമോ വരുന്ന മൊസൂള്‍ നിവാസികള്‍ക്കിടയില്‍ ഐഎസിനോടുള്ള എതിര്‍പ്പ് വര്‍ധിച്ചുവരികയാണ്. ഇതാണ് ചുവരെഴുത്തു പോലെ പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ മേഖലയില്‍ ഉയരാന്‍ കാരണം.
ഐഎസിനെ തകിടംമറിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളെന്ന് ആരോപിച്ച് 58 പേരെയാണ് ഈ മാസം ആദ്യം ഭീകരര്‍ വധിച്ചത്.