ഫൈസാബാദ് : ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജയിലില്‍ മെഴുതിരി ഊതിക്കെടുത്തി, കേക്ക് മുറിച്ച് കൊലപാതക കേസ് പ്രതിയുടെ പിറന്നാളാഘോഷം. കൊലക്കേസ് പ്രതിയായ ശിവന്ദ്ര സിംങിന്റെ ജന്മദിനമാണ് ജയിലില്‍ വിപുലമായി ആഘോഷിച്ചത്. ശിവേന്ദ്ര കേക്ക് മുറിക്കുന്നതിന്റെയും മറ്റൊരാള്‍ക്ക് കൊടുക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ജൂലൈ 23നാണ് സംഭവം നടന്നത്.
ജയില്‍ ജീവനക്കാര്‍ തന്നെയാണ് ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ആറ് മാസമായി ജയിലിനുള്ളിലാണ് ശിവേന്ദ്ര സിംഗ്. പിറന്നാളാഘോഷത്തിന്റെ വീഡിയോ എടുക്കുമ്പോള്‍ ലീക്കാവില്ലെന്ന് ജയില്‍ ജീവനക്കാരന്‍ പറഞ്ഞിരുന്നു. ഇതിനായി തന്റെ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായും ശിവേന്ദ്ര പറഞ്ഞു. പിറന്നാളാഘോഷത്തിനുള്ള കത്തിയും ലൈറ്ററും മെഴുതിരിയുമെല്ലാം ജയിലില്‍ നിന്നു തന്നെയാണ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജന്മദിനം ആഘോഷിക്കാന്‍ അവസരം ഒരുക്കിയത് ജയിലര്‍ വിനയ കുമാറാണന്ന് പ്രതി ആരോപിച്ചു.
#WATCH: Prisoner Shivendra Singh celebrates his birthday inside prison in Faizabad on July 23. Singh later said, 'All things were made available to me by Jailor Vinay Kumar. His staff made my video. Rs 1 lakh was taken from me for it. No facilities will be provided from today' pic.twitter.com/4eW1lh4i92
— ANI UP (@ANINewsUP) July 29, 2018
ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റും പൊലീസും ജയിലിനുള്ളില്‍ റെയ്ഡും നടത്തി. സംഭവത്തെ പറ്റി അന്വേഷിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ പഞ്ചാബിലെ ഫൈരീദാകോട് സെന്‍ട്രല്‍ ജയിലില്‍ പ്രതി മറ്റ് തടവുകാര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിവാദമായിരുന്നു.