റോഷ്‌നി ദിനകര്‍ ചിത്രം മൈ സ്‌റ്റോറിക്ക് നെഗറ്റീവ് വിമര്‍ശനങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഇടയ്ക്കിടയ്ക്ക് മാറ്റി വെച്ചതിനു ശേഷമാണ് മൈ സ്റ്റോറിയുടെ റിലീസ് തീരുമാനിച്ചത്. ഈദിന് മുമ്പ് സിനിമയെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് തിയതി വീണ്ടും മാറ്റുകയായിരുന്നു.
മൈ സ്റ്റോറിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കൂടെ അടുത്ത് തന്നെ റിലീസ് ചെയ്യുമെന്ന് അറിയാമായിരുന്നു. ഇതൊരിക്കലും അഭിനേതാക്കളുടെ തീരുമാനമല്ല. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമായിരുന്നു. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് അത് ഞാന്‍ ചെയ്തു. പക്ഷേ തീരുമാനം അവരുടേതായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.
സിനിമ പരാജയപ്പെടുന്നതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും താരങ്ങളുടെ സമീപനത്തെക്കുറിച്ചും വിശദീകരിച്ച് സംവിധായിക റോഷ്‌നി ദിനകര്‍ രംഗത്തെത്തിയിരുന്നു. താരങ്ങള്‍ തന്നെ പിന്തുണച്ചില്ലെന്നായിരുന്നു ഇവരുടെ വാദം. മമ്മൂട്ടി വിഷയത്തില്‍ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് വ്യാപകമായ സൈബര്‍ ആക്രമണത്തിന് ഇരയായ പാര്‍വതിയോട് പരസ്യപ്രകടനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും താരം അത് കേട്ടിരുന്നുവെന്നും സംവിധായിക പറഞ്ഞിരുന്നു.