തിയറ്ററുകളിൽ ഹിറ്റ കളക്ഷനുമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ‘കടുവ’ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘കാപ്പ’. സിനിമയുടെ ചിത്രീകരണം തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജ രാവിലെ 9.30ന് പാളയം വിജെടി ഹാളിൽ നടന്നു. എസ്.എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു. പൃഥ്വിരാജ്, ആസിഫ് അലി, എ.കെ സാജൻ, ജിനു വി, എബ്രഹാം തുടങ്ങിയ പ്രമുഖ വ്യക്തികളും പൂജാകർമ്മത്തിൽ പങ്കെടുത്തു.
ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഒരു ഇടവേളക്കുശേഷം ആണ് പൃഥ്വിരാജ് തന്‍റെ ജന്മനാട് കൂടിയായ തലസ്ഥാന നഗരിയിൽ വീണ്ടും ചിത്രീകരണവുമായി ബദ്ധപ്പെട്ട് എത്തുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്.