പൃഥിരാജിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടും പള്ളി എന്ന കഥാപാത്രമാണ് ലാല്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മോഹന്‍ലാലിന് ഫേസ്ബുക്കിലൂടെ നന്ദി പറയുകയാണ് പൃഥിരാജ്. സിനിമ സംവിധാന മോഹവുമായി ഇറങ്ങി തിരിച്ച തന്നെ പലരും വിമര്‍ശിച്ചപ്പോഴും തന്നില്‍ മോഹന്‍ ലാല്‍ വിശ്വാസമര്‍പ്പിച്ചുവെന്നാണ് നടന്‍ വ്യകത്മാക്കുന്നത്.
“ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും, വിടപറയുകയാണ്. എന്റെ മറ്റ് അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫര്‍ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വലിയ ഒരു വെല്ലുവിളി ഞാന്‍ ഏറ്റെടുത്തപ്പോള്‍ അത് യുക്തിപരമായ തീരുമാനമാകില്ലെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ കൂടുതല്‍ പേരും പറഞ്ഞിരുന്നത്. ഒരു നടനെന്ന നിലയില്‍ കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള മണ്ടന്‍ തീരുമാനം ആണിതെന്നും പറഞ്ഞിരുന്നു.
അതിനെക്കുറിച്ച് എനിക്കിപ്പോഴും ഒന്നും അറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, സിനിമയെക്കുറിച്ചും, സിനിമയിലെ എന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ചും കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തില്‍ നിന്നു പഠിച്ചതിലും കൂടുതല്‍ ഞാന്‍ ഈ കഴിഞ്ഞ 6 മാസം കൊണ്ട് പഠിച്ചിട്ടുണ്ട്.
എന്നില്‍ വിശ്വാസമര്‍പ്പിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴിക കല്ലാണ്, ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രം എനിക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടതായിരിക്കും”- പൃഥ്വിരാജ് പറഞ്ഞു.