അന്തരിച്ച സംവിധായകന്‍ സച്ചിയുടെ സ്വപ്ന ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. ‘അയ്യപ്പനും കോശിയും’ റിലീസ് ചെയ്തതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം. ജി ആര്‍ ഇന്ദുഗോപന്‍റെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാവുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസോസിയേറ്റായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ്. ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം.
“അയ്യപ്പന്‍റെയും കോശിയുടെയും ഒരു വര്‍ഷം! ഇത് സച്ചിയുടെ സ്വപ്നമായിരുന്നു. ഇത് നിനക്കുവേണ്ടിയാണ് സഹോദരാ. സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ”, അനൗണ്‍സ്‍മെന്റ് പോസ്റ്ററിനൊപ്പം പൃഥ്വിരാജ് കുറിച്ചു. ‘വിലായത്ത് ബുദ്ധ’ നോവല്‍ വായിച്ചയുടന്‍ മനസില്‍ അതൊരു സിനിമാ പ്രോജക്ട് ആയി തീരുമാനിച്ചുറപ്പിച്ച് സച്ചി തന്നെ വിളിക്കുകയായിരുന്നു എന്ന് ഇന്ദുഗോപന്‍ പറഞ്ഞിട്ടുണ്ട്.
ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ ‘പകിട’ എന്ന സിനിമയ്ക്കു തിരക്കഥ ഒരുക്കിയ ആളാണ് രാജേഷ്. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജേക്സ് ബിജോയ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.