സർജറിക്ക് പിന്നാലെ ആരോഗ്യാവസ്ഥയെക്കുറിച്ച് വിശദീകരിച്ച് പൃഥ്വിരാജ്

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഭാഗ്യവശാൽ ഏറ്റവും മിടുക്കരായ ഡോക്ടർമാരുടെ പരിചരണത്തിലാണ് താനെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാൻ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകര്‍ക്കു വാക്ക് നൽകുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

‘‘അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്‌ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്താൻ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിൽ ഞാനിപ്പോൾ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയിൽ നിന്ന് മുക്തി നേടി എത്രയും വേഗം പൂർണമായി സുഖം പ്രാപിക്കാനും എന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാൻ പോരാടുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തിൽ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.’’ പൃഥ്വിരാജ് കുറിച്ചു.

ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്റെയും’ താരം നായകനാകുന്ന നിരവധി സിനിമകളുടെയും ചിത്രീകരണവും പ്രി പ്രൊഡക്‌ഷനും അനശ്ചിതത്വത്തിലാകും. ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു പൃഥ്വി. സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തൽക്കാലം നീട്ടിവച്ചു. ‘വിലായത്ത് ബുദ്ധ’, ‘ഗുരുവായൂരമ്പല നടയിൽ’ എന്നീ ചിത്രങ്ങളിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരുന്നത്. ഇതിനു പുറമെ പൃഥ്വിരാജുമായി ബന്ധപ്പെട്ട പല സിനിമകളുടെയും പ്രി പ്രൊഡക്‌ഷൻ ജോലികളും നിലവിലെ സാഹചര്യത്തില്‍ നീട്ടിവയ്ക്കേണ്ടിവരും.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ. ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സന്ദീപ്‌ സേനൻ നിര്‍മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ.

Top