‘കോള്‍ഡ് കേസ്’ ന്റെ ഭാഗമാകാന്‍ പൃഥ്വിരാജ് തിരുവനന്തപുരത്ത്‌

കൊവിഡ് ഭേദമായതിന് പിന്നാലെ വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ക്വീന്‍ സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’യുടെ ചിത്രീകരണം പൂര്‍ത്തിയായതോടെ നവാഗത സംവിധായകന്റെ ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഓഫ് ടു വര്‍ക്ക് എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് തന്റെ ചിത്രം സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയതത്. ‘കോള്‍ഡ് കേസ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്റെ ഈ ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തിലുള്‍പ്പെട്ടതാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പൂര്‍ണമായും തിരുവനന്തപുരത്താണ് ചിത്രീകരണം നടത്തുന്നത്. തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘അരുവി’ ചിത്രത്തിലെ നായിക അദിതി ബാലനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് . ‘പടവെട്ടി’ന് ശേഷം അദിതി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രവുമാണ് ‘കോള്‍ഡ് കേസ്’.

യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് സിനിമ. ആക്ഷന്‍ സീക്വന്‍സുകളില്ലാത്ത ചിത്രമായിരിക്കും ഇതെന്നും ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങളുള്ള ചിത്രവുമാണെന്നുമാണ് തനു ബാലക് വ്യക്തമാക്കിയത്. ലോക്ക് ഡൗണിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്. ശീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്‌സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’യില്‍ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്.

Top