റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുന്നു; രണ്ടാം ഭാഗം കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ്

തെന്നിന്ത്യയിലാകെ വലിയ ചലനമുണ്ടാക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികളടക്കമുള്ള ആരാധകർ. കോലര്‍ സ്വര്‍ണഖനിയുടെ കഥ പറഞ്ഞ ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിലെത്തിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ്.പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും പോലെ കെജിഎഫിന്റെ വലിയൊരു ആരാധകനാണ് താനെന്നും ഇങ്ങനെയൊരു കൂടിച്ചേരലിന്റെ ആകാംക്ഷ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

’ലൂസിഫർ ഇറങ്ങിയതിനു ശേഷമാണ് കെജിഎഫിന്റെ നിർമാതാക്കൾ തന്നെ സമീപിക്കുന്നത്. ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. ഞാനും റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ്’, എന്ന് പൃഥ്വിരാജ് പറയുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ‘കെജിഎഫ് 2’ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. എന്നാല്‍ 90 ശതമാനം രംഗങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു.

Top