ഒമ്പതാം വിവാഹവാര്‍ഷികം; ആദ്യമായാണ് ഈ ദിനത്തില്‍ അകന്നിരിക്കുന്നത്: സുപ്രിയ

കൊറോണ ഭീതിയിലാണ് ലോകമെമ്പാടുമുള്ള മലയാളികളും. സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പലരും കുടുംബത്തോടൊപ്പം ഈ സമയം ചെലവഴിക്കുമ്പോള്‍ ഒന്നിച്ച് ചെലവഴിക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ് പലരും. ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ പ്രിയപ്പെട്ടവന്‍ അടുത്തില്ലാത്ത സങ്കടം പങ്കുവയ്ക്കുകയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍.

ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യമായാണ് ഈ ദിനത്തില്‍ അകന്നിരിക്കുന്നത് എന്ന് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വരികയും തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങുകയും ചെയ്തിരിക്കുകയാണ്. അകലെയാണെങ്കില്‍ ജീവിതത്തിലെന്നും ഒരുമിച്ചുണ്ടാകുമെന്ന് പൃഥ്വിരാജും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന്റെ ഭാഗമായാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. അഞ്ച് വയസ്സുകാരി അലംകൃതയാണ് ഇവരുടെ മകള്‍.

Top