‘ഖുറേഷി അബ്രാം’ തന്ന റേ ബാന്‍ ഗ്ലാസും ധരിച്ച് പൃഥ്വിരാജ്; ഫോട്ടോ വൈറൽ

ഖുറേഷി അബ്രാമില്‍ നിന്ന് സംവിധായകന് ലഭിച്ച സമ്മാനത്തെക്കുറിച്ച് വെള്ളിയാഴ്ച പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഒന്നര ലക്ഷം രൂപ വില വരുന്ന സണ്‍ ഗ്ലാസാണ് മോഹന്‍ലാല്‍ പൃഥ്വിരാജിന് നല്‍കിയത്.

ലൂസിഫര്‍ എന്ന ചിത്രത്തിന്റെ അവസാന രംഗത്ത് ഖുറേഷി അബ്രാമായുള്ള വരവില്‍ സൂപ്പര്‍താരം ധരിച്ചിരുന്ന മോഡല്‍ സണ്‍ഗ്ലാസാണ് പൃഥ്വിക്കായി അദ്ദേഹം സമ്മാനിച്ചതും. ഡീറ്റാ എന്ന ലക്ഷ്വറി ഐവെയര്‍ ബ്രാന്‍ഡിന്റെ മാക്ക് ഫൈവ് എന്ന മോഡലാണ് ഈ കൂളിങ് ഗ്ലാസെന്ന് പൃഥ്വിയുടെ പോസ്റ്റിന് പിന്നാലെ അതിന്റെ വില അന്വേഷിച്ചുപോയ ആരാധകര്‍ കണ്ടെത്തി.

ഇപ്പോഴിതാ, തന്റെ പുത്തന്‍ സമ്മാനം വച്ചുള്ള പൃഥ്വിരാജിന്റെ ചിത്രവും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഒരു കാര്‍ ഡ്രൈവിനിടെ മോഹന്‍ലാല്‍ സമ്മാനിച്ച സണ്‍ഗ്ലാസും താരം ഒപ്പം കൂട്ടിയിട്ടുണ്ട്.

മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും അടുത്ത സുഹൃത്തായ സമീര്‍ ഹംസയുടെ ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് കൂളിങ് ഗ്ലാസ് ധരിച്ച പൃഥ്വിയെ കാണാനാവുന്നത്. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ട് സെപ്റ്റംബര്‍ ആറിന് പൂര്‍ത്തിയായിരുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന, നയന്‍താരക്കൊപ്പമുള്ള ‘ഗോള്‍ഡ്’ ആണ് പൃഥ്വി ഭാഗമാകുന്ന അടുത്ത ചിത്രം. സിനിമയുടെ ഷൂട്ട് ആലുവയില്‍ ഈ ആഴ്ച തുടങ്ങി. സെപ്റ്റംബര്‍ നാലാം വാരം പൃഥ്വിരാജും സിനിമയുടെ ചിത്രീകരണത്തിന് എത്തും.

 

Top