ബ്രിട്ടീഷ് കാബിനറ്റിലെ ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു.

ഇസ്രയേല്‍ അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവം വിവാദമായതോടെയാണ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ പ്രീതി പട്ടേലിന്റെ പണിതെറിച്ചത്.

സ്വകാര്യ സന്ദര്‍ശനത്തിനു ഓഗസ്റ്റില്‍ ഇസ്രയേലില്‍ പോയപ്പോള്‍ പ്രധാനമന്ത്രി നെതന്യാഹൂ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി പ്രീതി കൂടിക്കാഴ്ച നടത്തിയതു വിവാദമായിരുന്നു.

കൂടിക്കാഴ്ചയുടെ വിവരം ഫോറിന്‍ ഓഫീസിനെയോ ഇസ്രയേലിലുള്ള ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല. ഇതേച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം നടന്നു. കൂടിക്കാഴ്ച വിവാദമായതിനെത്തുടര്‍ന്നു പ്രീതി മാപ്പു പറഞ്ഞു. ഓഗസ്റ്റിലെ കൂടിക്കാഴ്ചയ്ക്കുശേഷം ന്യൂയോര്‍ക്കിലും ലണ്ടനിലും ഇസ്രേലി നേതാക്കളുമായി പ്രീതി വീണ്ടും രഹസ്യ ചര്‍ച്ച നടത്തിയെന്നു വ്യക്തമായതാണ് ഇപ്പോള്‍ അവര്‍ക്കു വിനയായത്.

കെനിയന്‍ പര്യടനത്തിനുപോയ പ്രീതി പ്രധാനമന്ത്രി തെരേസാ മേയുടെ നിര്‍ദേശപ്രകാരം യാത്ര വെട്ടിച്ചുരുക്കി ലണ്ടനില്‍ തിരിച്ചെത്തിയ ഉടനെ രാജി സമര്‍പ്പിക്കുകയായിരുന്നു.

ഗോലാന്‍ കുന്നുകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്രേലി സൈന്യത്തിനു ഫണ്ടു ലഭ്യമാക്കുന്നതു സംബന്ധിച്ചായിരുന്നു പ്രീതി ചര്‍ച്ച നടത്തിയതെന്നാണ് സൂചന. ആകെ 12 തവണയാണ് ബ്രിട്ടീഷ് വിദേശമന്ത്രാലയത്തെ അറിയിക്കാതെ പ്രീതി ഇസ്രേലികളുമായി ചര്‍ച്ച നടത്തിയത്.

ഉഗാണ്ടയില്‍ നിന്നും 1960-ല്‍ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേല്‍. 2010-ലാണ് ആദ്യമായി എസെക്സിലെ വിത്തം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015-ലും 2017-ലും പാര്‍ലമെന്റംഗമായി.

ഡേവിഡ് കാമറണ്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു.

Top