കൊച്ചി : സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഉടമകളറിയാതെ മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടവയില്‍ കൂടുതലുമെന്നും, ഇടപാടുകാരനെ അറിയാത്ത പ്രശ്‌നമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നുമാണ് ബാങ്കുകള്‍ നല്‍കുന്ന വിശദീകരണം.
കെ.വൈ.സി(ഇടപാടുകാരനെ അറിയുക) പ്രശ്‌നം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് ബാങ്കിന്റെ ആസ്ഥാനത്ത് നിന്ന് അക്കൗണ്ടുകളിലെ ഇടപാട് മുന്നറിയിപ്പില്ലാതെ തടഞ്ഞതെന്നാണ് ബ്രാഞ്ചുകളില്‍ നിന്ന് നല്‍കുന്ന വിശദീകരണം. കെ.വൈ.സി കുഴപ്പം പരിഹരിച്ച് യഥാര്‍ഥ വിവരം ലഭിച്ചാല്‍ അക്കൗണ്ടുകള്‍ സാധാരണ നിലയിലാകുമെന്നും അവര്‍ വ്യക്തമാക്കി.
അക്കൗണ്ടിലെ പേര്, ജനനത്തീയതി എന്നീ വിവരങ്ങള്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങളുമായി ചേരാതിരിക്കുമ്പോഴാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. വീട്ടുപേര് ,ഇനീഷ്യല്‍, പേരിലെ അക്ഷരപ്പിശാശുക്കളുമാണ് കെ.വൈ.സി ശരിയാകാത്തതിന്റെ പ്രധാന കാരണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ആധാര്‍ കാര്‍ഡുകളില്‍ പലതിലും ജനനതീയതിക്ക് പകരം ജനന വര്‍ഷം മാത്രമാണിപ്പോഴുള്ളത്. അക്കൗണ്ടുകളെടുക്കുമ്പോള്‍ ജനനതീയതി നല്‍കുന്നതിനാല്‍ വിവരങ്ങള്‍ യോജിക്കാതെ പോകുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പലതവണ എടിഎമ്മുകളില്‍പ്പോയി പണം കിട്ടാതെ വന്നപ്പോള്‍ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ മാത്രമാണ് അക്കൗണ്ട് മരവിപ്പിച്ചതായി ഉപഭോക്താക്കള്‍ അറിയുന്നത്. എന്നാല്‍ ആധാര്‍ കാര്‍ഡുമായെത്തിയാല്‍ മരവിപ്പിച്ച അക്കൗണ്ടുകളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തി അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.