Private bus charges decreasing-Thiruvanchur radhakrishnan

കോട്ടയം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്ന് സ്വകാര്യ ബസ് യാത്രാ നിരക്കുകളും ഉടന്‍ കുറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബസ് നിരക്ക് കുറക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.

സ്വകാര്യ ബസുകളിലെ യാത്രാനിരക്ക് കുറയ്ക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഈ മാസം ഇരുപത്തിയഞ്ചിനകം തീരുമാനമുണ്ടാകുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്തു വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് നിരക്കുകള്‍ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് ആറു രൂപയാക്കി കുറച്ചിരുന്നു. മാര്‍ച്ച് ഒന്നുമുതലാണ് ഈ തീരുമാനം നടപ്പില്‍ വരിക.
ഓര്‍ഡിനറിയുടെ എല്ലാ നിരക്കുകളിലും ഒരു രൂപ വീതം കുറയും.

സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പുതിയ നിരക്ക് ബാധകമല്ല. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് കണക്കിലെടുത്താണ് ബസ് നിരക്ക് കുറയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.സ്വകാര്യ ബസുകളും നിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗത മന്ത്രി ബസ് ഉടമകളുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നിരക്കു കുറയ്ക്കില്ലെന്ന നിലപാടിലാണ് ബസ് ഉടമകള്‍.

Top