ഓള്‍ ഇന്ത്യ പെര്‍മിറ്റില്‍ വ്യക്തത വേണമെന്ന് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ തോന്നും പോലെ സര്‍വീസ് നടത്തുന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. ഇക്കാര്യം മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അറിയിക്കും. നിയമത്തിലെ അവ്യക്തത നീക്കണമെന്ന് ആവശ്യപ്പെടും. റോബിന്‍ ബസ് സര്‍വീസുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

അതേസമയം കഴിഞ്ഞ രണ്ടാഴ്ച്ചയായി ബസ് സര്‍വീസുകളെ എംവിഡി ഉദ്യോഗസ്ഥര്‍ അകാരണമായി ദ്രോഹിക്കുകയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ചുമത്തുകയാണെന്നും ബസുകളില്‍ നിന്ന് 7,500 രൂപ മുതല്‍ 15,000 രൂപ വരെ പിഴ ഈടാക്കുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചിരുന്നു. വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. അനുകൂല നടപടി ഉണ്ടായിലെങ്കില്‍ സമരവുമായി മുന്നോട്ട് പോകും. സംസ്ഥാന വ്യാപകമായി ബസ്സ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നിലവിലുള്ള കേസുകളില്‍ കക്ഷി ചേരുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Top