തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്ക് പൊതുജനങ്ങളെ വലക്കാതിരിക്കാന്‍ കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട റൂട്ടുകളിലും അധിക സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി. ഇന്നലെയാണ് സ്വകാര്യ ബസ് പണിമുടക്ക് ജനങ്ങളെ വലച്ചത്. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സര്‍വ്വീസുകള്‍ നടത്തി. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.
ഏകദേശം 281 ബസുകള്‍ അധികമായും, നിലവിലെ റൂട്ടുകളില്‍ നിന്നും അധിക ബസുകള്‍ ക്രമീകരിച്ചും, ഡ്യൂട്ടികള്‍ പുനക്രമീകരിച്ചും ഏതാണ്ട് 1600 അഡീഷണല്‍ ട്രിപ്പുകള്‍ക്കൊപ്പം മറ്റ് ട്രിപ്പുകള്‍ കൂടി അധികമായി നല്‍കുവാന്‍ കഴിഞ്ഞുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കഴിഞ്ഞ ആഴ്ച 4370 ബസുകള്‍ ഓടിയ സ്ഥാനത്ത് ഇന്നലെ 4651 ബസ്സുകള്‍ രാവിലെ 11:00 മണി വരെ ഓപ്പറേറ്റ് ചെയ്യുവാന്‍ കഴിഞ്ഞിരുന്നു.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സംസ്ഥാന വ്യാപക പണിമുടക്ക്. കണ്ണൂര്‍, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സ്വകാര്യ ബസുകള്‍ ഓടിയില്ലെങ്കിലും മറ്റ് ജില്ലകളില്‍ സ്വകാര്യ ബസുകള്‍ ഭാഗികമായി സര്‍വ്വീസ് നടത്തിയിരുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമമാണെന്നും ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. ബസ് ജീവനക്കാരെ കേസുകളില്‍ പ്രതികളാക്കുന്നത് തടയാനും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകള്‍ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നല്‍കിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. സ്വകാര്യ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നവംബര്‍ 1 നകം ഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.