സ്വകാര്യ ബസ് സമരം അഞ്ചാം ദിനത്തിലേക്ക്: ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നാണ് നേതാക്കളുടെ പ്രഖ്യാപനമെങ്കിലും വിഷയം പഠിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചാല്‍ സമരത്തില്‍ നിന്നു പിന്‍മാറാനും സമരക്കാര്‍ക്കിടയില്‍ ആലോചനകളുണ്ട്.

അതേസമയം പണിമുടക്ക് നടത്തുന്ന ബസുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തുടങ്ങിയതോടെ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ ഇന്നലെ മുതല്‍ സര്‍വീസ് നടത്താന്‍ തുടങ്ങി. സമരം നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കുമെന്ന് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതിനായി ആര്‍ഡിഒമാര്‍ ബസുടമകള്‍ക്ക് നോട്ടീസ് നല്‍കും. ഒരുമാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് സമരം നടത്തുന്നത്. ബസ് സര്‍വീസ് മുടക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സമരം ചെയ്യുന്ന ബസുകള്‍ പിടിച്ചെടുക്കാന്‍ കെസ്മ നിയമം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Top