ബസ് ചാര്‍ജ് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍

പാലക്കാട്: ഒരു തീരുമാനം ഉണ്ടാകാതെ ബസ് സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. യാത്രാ നിരക്ക് വര്‍ധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ബസ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുമായി ഇതുവരെ സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറായിട്ടില്ലെന്നും ബസ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രണ്ട് രൂപക്ക് യാത്ര ചെയ്യേണ്ട വിദ്യാര്‍ഥികളെ 17 രൂപക്ക് കൊണ്ടുപോകാം. നൂറ്റമ്പതും ഇരുന്നൂറും രൂപക്ക് വരെ യാത്ര ചെയ്യേണ്ട സാഹചര്യം നിലവില്‍ ഉണ്ടായിട്ടും സംസ്ഥാനത്തെ ബസുടമകളെ വിളിച്ചു വരുത്തി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. ശരിയാക്കിത്തരും എന്ന് പറഞ്ഞത് കൊണ്ട് മാത്രം പ്രശ്‌നം തീരില്ല. അതു കൊണ്ട് യാത്രാ നിരക്ക് വര്‍ധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് സംസ്ഥാനത്തെ ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഗോപിനാഥന്‍ പറഞ്ഞു.

അതേസമയം സ്വകാര്യ ബസ് സമരം കാരണം സ്‌കൂളിലേക്കെത്താന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ വലയുകയാണ്. ഗ്രാമീണ മേഖലയില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികളേയാണ് സമരം കൂടുതലായും വലയ്ക്കുന്നത്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇല്ലാത്ത മേഖലകളിലാണ് കൂടുതല്‍ യാത്രാപ്രശ്‌നം നേരിടുന്നത്. പരീക്ഷകള്‍ നടക്കുന്ന സമയമായത് കൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നത്. ബസ് ഇല്ലാത്തത് കാരണം പലരും പരീക്ഷയ്ക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ബസുകളിലാകട്ടെ തിക്കിത്തിരക്കിയാണ് യാത്ര.

Top