തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.
സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഉടമകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കെഎസ്ആര്‍ടിസി യൂണിയനുകള്‍ പണിമുടക്ക് 48 മണിക്കൂറാക്കി ഉയര്‍ത്തി. ടി ഡി എഫിന് പുറമെ പണിമുടക്ക് 48 മണിക്കൂറാക്കി എഐടിയുസിയും രംഗത്ത്. 24 മണിക്കൂര്‍ പണിമുടക്കാനാണ് എഐടിയുസി ആഹ്വനം ചെയ്തിരുന്നത്.
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് പണിമുടക്ക് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഹ്രസ്വ, ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയതോടെ തെക്കന്‍ ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. അതിനിടെ തിരുവനന്തപുരത്ത് പൊലീസ് ബദല്‍ സംവിധാനമൊരുക്കി. ആശുപത്രി, വിമാനത്താവളം, റയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സംവിധാനം ഒരുക്കിയത്.
ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരം പൂര്‍ണ്ണമാണ്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത്.