കൊല്ലം: മാര്‍ച്ച് 11 മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. യാത്രാ കണ്‍സഷന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ബസ് ഉടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നു ചെയര്‍മാന്‍ ലോറന്‍സ് ബാബു, കണ്‍വീനര്‍ ആര്‍. പ്രസാദ്, എം.ഡി. രവി എന്നിവര്‍ അറിയിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ് അടക്കമുള്ള മുഴുവന്‍ ചെലവുകളിലും ഇരട്ടിയിലേറെ വര്‍ധിച്ചു. നിലവിലെ അവസ്ഥയില്‍ മുന്നോട്ടു പോകാന്‍ കഴിയാത്തതിനാലാണു നിരക്കു വര്‍ധന ആവശ്യപ്പെടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണം, കിലോ മീറ്റര്‍ നിരക്ക് 90 പൈസയായും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 5 രൂപയായും വര്‍ധിപ്പിക്കണമെന്നുമാണ് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുമേഖലയും സ്വകാര്യ മേഖലയും സംരക്ഷിക്കത്തക്ക നിലയില്‍ സമഗ്ര ഗതാഗത നയം രൂപീകരിക്കുക, 140 കിലോ മീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.