പാലക്കാട്: പെരിങ്കന്നൂരിൽ സ്വകാര്യ ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് 12 പേർക്ക് പരിക്ക്. നിറയെ യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസിറ്റിൽ ഇടിക്കുകയായിരുന്നു. വൈദ്യുത വകുപ്പ് ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. യാത്രകാരുമായി പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് തകർന്നു. ബസിൻ്റെ മുൻവശം ഏതാണ്ട് പൂർണ്ണമായി തകർന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. അതേസമയം പാലക്കാട് ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ അധികൃതര്‍ നടപടി സ്വീകരിച്ചു. അമിതവേഗം തടയാൻ സ്പെഷ്യൽ ഡ്രൈവാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
ഇന്ന് മുതൽ 7 ദിവസം ഈ റൂട്ടിലെ വിവിധയിടങളിൽ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ അറിയിച്ചു. നിയമം ലംഘിക്കുന്ന ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഗുരുവായൂരിലേക്കുള്ള രാജപ്രഭ ബസിന്‍റെ അമിത വേഗം കഴിഞ്ഞ ദിവസം ചാലിശ്ശേരിയിൽ സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി ചോദ്യം ചെയ്തിരുന്നു.