ഹോസ്പിറ്റലുകള്‍ അടച്ചിടുമെന്ന ഭീഷണിയുമായി സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ !

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘശക്തിക്കു മുന്നില്‍ അനുകുല തീരുമാനമെടുത്ത സര്‍ക്കാര്‍ നിലപാടില്‍ സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ കലിപ്പില്‍.

പുതിയ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുന്നതിലൂടെ ആശുപത്രി നടത്തികൊണ്ടു പോകാന്‍ കഴിയില്ലന്ന നിലപാടിലാണ് ഈ വിഭാഗം.

ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ആശുപത്രികള്‍ അടച്ചിടാനുള്ള ആലോചനയിലാണ് ഒരു വിഭാഗം.

ഇതു സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേരും.

സുപ്രീം കോടതി നഴ്‌സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ഉത്തരവ് അല്ല പുറപ്പെടുവിച്ചതെന്നും നിര്‍ദ്ദേശം മാത്രമാണെന്നുമാണ് ഈ മാനേജ് മെന്റുകളുടെ വാദം.

സുപ്രീം കോടതിയെ സമീപിക്കുന്നതിനായി സീനിയര്‍ അഭിഭാഷകരുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ ആശയവിനിമയം നടത്തി വരികയാണ്.

സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം നഴ്‌സുമാരുടെ പ്രതിമാസ വരുമാനം ഇരുപതിനായിരം രൂപയാക്കിയാണ് പുതിയ ശമ്പള പരിഷ്‌ക്കരണം കേരളം നടപ്പാക്കുന്നത്.

ഇതു സംബന്ധമായ അന്തിമ ഉത്തരവ് മാര്‍ച്ച് അവസാനത്തിനുള്ളില്‍ ഇറക്കാനാണ് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം.

രാജ്യത്ത് ആദ്യമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്ന സംസ്ഥാനവും ഇതോടെ കേരളമാകും. 20,000 രൂപയാണ് അടിസ്ഥാന ശമ്പളമായി അടുത്ത മാസം മുതല്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുക.

മുഖ്യമന്ത്രി പിണറായിയെ സംബന്ധിച്ച് നഴ്‌സുമാര്‍ക്ക് നല്‍കിയ വാക്ക് പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ സി.ഐ.ടി.യു യൂണിയന്റെ എതിര്‍പ്പ് പോലും തള്ളിയാണ് തീരുമാനം നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇതു സംബന്ധമായ കാര്യങ്ങള്‍ ആലോചിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന അഡൈ്വസറി ബോര്‍ഡിന്റെ യോഗത്തിലും കടുത്ത അതൃപ്തി സി.ഐ.ടി.യു യൂണിയന്‍ പ്രകടിപ്പിക്കുകയുണ്ടായി.

സ്വതന്ത്ര നഴ്‌സിങ്ങ് സംഘടനയായ യുണെറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സമരത്തിന്റെ ഭാഗമായി ഈ ആവശ്യങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കുന്നതിലാണ് അവരുടെ അമര്‍ഷം.

അതേ സമയം സ്വകാര്യ ആശുപത്രി മാനേജുമെന്റുകളെ സഹായിക്കുന്ന നിലപാട് സി.ഐ.ടി.യു യൂണിയന്‍ സ്വീകരിക്കുന്നത് നഴ്‌സുമാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനും ഇപ്പോള്‍ കാരണമായിട്ടുണ്ട്.

യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷയുടെ നേതൃത്വത്തില്‍ സംഘടന നടത്തിയ സമരത്തോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിലും മുന്‍പ് പറഞ്ഞ വാക്ക് പാലിക്കുന്നതിലും സന്തോഷമുണ്ടെന്ന് നഴ്‌സുമാര്‍ പ്രതികരിച്ചു.

കെ.വി.എം ആശുപത്രിയില്‍ വേതന വര്‍ദ്ധനവ് അടക്കം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരുടെ കാര്യത്തിലും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാല്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് നഴ്‌സുമാര്‍.

Top