സ്വകാര്യ ആശുപത്രികള്‍ 25% കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 25 % കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരമാവധി ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

നിലവില്‍ 407 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതില്‍ 137 ആശുപത്രികള്‍ ആണ് നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ കൊവിഡ് ചികിത്സ നല്‍കുന്നത്. ബാക്കിയുള്ള ആശുപത്രികള്‍ കൂടെ സഹകരിക്കണമെന്നും കുറഞ്ഞത് 25 % കിടക്കകളെങ്കിലും കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .

സാധാരണക്കാര്‍ക്ക് കൂടി ആശ്രയിക്കാന്‍ പറ്റുന്ന തരത്തില്‍ നിരക്ക് ഏകീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകണം. ആംബുലന്‍സ് സേവനം ഉറപ്പാക്കണം. ഏകോപനം ഉറപ്പിക്കാന്‍ 108 ആംബുലസ് സര്‍വീസുമായി സഹകരിക്കണമെന്നും കൂടുതല്‍ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കണം എന്നും ആവശ്യപ്പെട്ടു. ചികിത്സ ഇനത്തില്‍ ചെലവായ തുക 15 ദിവസത്തിനുള്ളില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു .

കിടക്കകള്‍, ചികിത്സ ഇവ ഒരുക്കാം എന്ന് സമ്മതിച്ച മാനേജ്‌മെന്റ് അസോസിയേഷന്‍ ചികിത്സകള്‍ക്ക് ഒരേ നിരക്ക് ഈടാക്കാന്‍ ആകില്ലെന്ന് അറിയിച്ചു. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് എന്നാണ് അസോസിയേഷന്‍ നിലപാട്. അമിത തുക ഈടാക്കി എന്ന പരാതി ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ ജില്ലാതല സമിതി രൂപീകരിക്കണം. കളക്ടര്‍, ഡിഎംഒ, ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹി എന്നിവര്‍ അംഗങ്ങള്‍ ആയ സമിതി അത് പരിശോധിച്ച് നടപടി എടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 

Top