സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. കോടികള്‍ കുടിശിക ആയതോടെയാണ് പിന്മാറ്റം. നാനൂറ് കോടി രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടാക്കടം ഉളളത്. നാനൂറോളം സ്വകാര്യ ആശുപത്രികളാണ് സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നത്. രോഗി ആശുപത്രി വിട്ട് പതിനഞ്ചു ദിവസത്തിനകം പണം ആശുപത്രിക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും പലിശ നല്‍കണം. എന്നാല്‍ മാസങ്ങളായി ഈ തുക കുടിശികയാണ്. മലപ്പുറം ജില്ലയില്‍ മാത്രം നൂറ് കോടി രൂപയോളമാണ് കുടിശിക ഇനത്തില്‍ ഉള്ളത്.
സ്വകാര്യ ആശുപത്രികളുടെ തീരുമാനം നിര്‍ധന രോഗികളെ പ്രതികൂലമായി ബാധിക്കും. 150 ഓളം ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറി. പണം നല്‍കിയില്ലെങ്കില്‍ മറ്റു ആശുപത്രികളും ഉടന്‍ പിന്മാറും. ഇക്കഴിഞ്ഞ ഒക്ടോബറിലും പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് ആശുപത്രികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉടന്‍ കുടിശിക തീര്‍ക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിന്‍മേല്‍ തുടര്‍ന്നും സഹകരിക്കാന്‍ തയ്യാറായി. രണ്ട് മാസം പിന്നിട്ടിട്ടും തുച്ഛമായ പണം മാത്രമാണ് ലഭിച്ചതെന്നാണ് പരാതി. കേന്ദ്ര സഹായം ലഭിക്കാത്തതും രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയുമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.