സ്വകാര്യ മെഡിക്കല്‍ കോളേജ് ഫീസ് നിര്‍ണയം; സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണയിക്കാനുള്ള തീരുമാനത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളിലെ എംബിബിഎസ് പ്രവേശന ഫീസ് പുനര്‍നിര്‍ണയിക്കാനാണ് ഹൈക്കോടതി നടപടി തുടങ്ങിയത്. ഇത് ഫീസ് നിര്‍ണയ സമിതിയുടെ അധികാരത്തിലേക്കുള്ള ഹൈക്കോടതിയുടെ കടന്നുകയറ്റമാണെന്നാണ് സര്‍ക്കാരിന്റെ വാദം.

നേരത്തെ നിശ്ചയിച്ച ഫീസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഫീസ് പുനര്‍നിര്‍ണ്ണയിക്കുന്നതിന് എതിരെ വിദ്യാര്‍ഥികള്‍ നല്‍കിയഹര്‍ജികളും കോടതിയുടെ മുന്‍പാകെ എത്തും. നാലരലക്ഷം മുതല്‍ അഞ്ചരലക്ഷം രൂപ വരെയാണ് ഫീസ്‌നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ്. 11 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായാണ് കോളേജുകള്‍ ആവശ്യപ്പെടുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Top