തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്ന് സ്വകാര്യ സുരക്ഷാ ജീവനക്കാര്‍. ലോക്ഡൗണ്‍ കാലത്തും വിമാനത്താവളം, ബാങ്ക് അടക്കമുള്ള സ്ഥലങ്ങളില്‍ അവധിയില്ലാതെ ജോലി ചെയ്തു. ഈ സാഹചര്യത്തില്‍ തങ്ങളെയും മുന്നണിപോരാളികളായി കണക്കാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ഈ മഹാമാരിയുടെ കാലത്ത് പല സ്ഥാപനങ്ങളിലും രാപ്പകലില്ലാതെ ജോലി ചെയ്യുന്നവരാണിവര്‍. നിരന്തരം നിരവധി ആളുകളുമായി ബന്ധപ്പെടുന്നവര്‍. വിമാനത്താവളം, ആശുപത്രി, ബാങ്ക്, കൊറിയര്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളില്‍ സുരക്ഷ ജീവനക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് ഇത്തരത്തില്‍ പത്ത് ലക്ഷത്തോളം സ്വകാര്യ സുരക്ഷ ജീവനക്കാരുണ്ടെന്നാണ് സംഘടനകളുടെ കണക്ക്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടിയുണ്ടായാല്‍ വാക്‌സിനേഷന്‍ ക്യാമ്പിന് വേണ്ട സജീകരണങ്ങള്‍ ഒരുക്കാന്‍ തയ്യാറാണെന്ന് സംഘടനകള്‍ പറഞ്ഞു.