പുറത്തുവന്നിരിക്കുന്നത് അക്കങ്ങളിലെ കള്ളക്കളി; തുറന്നടിച്ച് പ്രിയാ വർഗ്ഗീസ്

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ നിയമനവിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്. നിയമനത്തിൽ മാനദണ്ഡമായി പറയുന്ന റിസർച്ച് സ്‌കോറായി കാണിക്കുന്നത് കംപ്യൂട്ടർ സോഫ്റ്റ്‌വെയർ അടയാളപ്പെടുത്തിയ അക്കങ്ങളാണെന്നും ഇത് സർവകലാശാല നേരിട്ട് പരിശോധിച്ചിട്ടില്ലെന്നും പ്രിയ വിശദീകരിച്ചു. തന്റെ 156 പോയിന്റും ജോസഫ് സ്‌കറിയയുടെ 651ഉം സ്വന്തം അവകാശവാദം മാത്രമാണെന്നും അവർ പറഞ്ഞു.

ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്‌കോറുള്ളത് പ്രിയയ്ക്കാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോടാണ് ഫേസ്ബുക്കിൽ പ്രിയയുടെ വിശദീകരണം. റിസർച്ച് സ്‌കോർ ചുരുക്കപ്പട്ടിക തയാറാക്കാൻ മാത്രമേ ഉപയോഗിക്കാവുള്ളൂ എന്ന് യു.ജി.സി ചട്ടമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അഭിമുഖം ഓൺലൈനായിരുന്നു. അത് റെക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൂടി വിവരാവകാശ പ്രകാരം മാധ്യമങ്ങൾ സംപ്രേഷണം ചെയ്യണമെന്നും ആത്മവിശ്വാസക്കുറവില്ലാത്തതിനാൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രിയ വ്യക്തമാക്കി.

കോവിഡ് കാലമായിരുന്നതുകൊണ്ട് അപേക്ഷ ഓൺലൈൻ അപേക്ഷയായിട്ടായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. ഈ ഓൺലൈൻ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മൾ ടൈപ്പ് ചെയ്തുകൊടുക്കുന്ന മുറക്ക് സ്‌കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങനെ ഓൺലൈൻ അപേക്ഷയിൽ കംപ്യൂട്ടർ സോഫ്റ്റ്വെയർ അടയാളപ്പെടുത്തിയ അക്കങ്ങളാണ് ഇപ്പോൾ ഈ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്മേൽ സർവകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് നടത്തിയിട്ടില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്-ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Top