പ്രിയ വര്‍ഗീസിന് കോടതി ഉത്തരവ് അനുസരിച്ച് ഉടന്‍ നിയമനം നല്‍കും; കണ്ണൂര്‍സര്‍വകലാശാല

 

കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനമാണ് പ്രിയ വര്‍ഗീസിന്. വിധി പഠിച്ച് മറ്റു തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഉടന്‍ തന്നെ പ്രിയക്ക് നിയമനം നല്‍കും. അധ്യാപക പരിചയം സംബന്ധിച്ച് യു ജി സിയോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നും അന്നവര്‍ മറുപടി നല്‍കിയില്ലെന്നും വിസി ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതിയില്‍ മറുപടി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാര്‍ശ ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രതികരണം. അതേ സമയം, നിയമനം തടഞ്ഞു കൊണ്ടുള്ള ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് നിര്‍ണ്ണായക ഉത്തരവ്.

 

Top