“ക്രമസമാധാനം തകര്‍ത്താൻ ബജ്റംഗദളിനെയും ആർഎസ്എസിനെയും കർണാടകയിൽ നിരോധിക്കും”

ബെംഗളൂരു: കര്‍ണാടകയില്‍ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദള്‍ നിരോധനം വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമമുണ്ടായാല്‍ ബജ്റംഗദളിനെയും ആർഎസ്എസിനെയും നിരോധിക്കുമെന്നും ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്നും മന്ത്രി പ്രിയങ്ക് ഖര്‍ഗെ വ്യക്തമാക്കി. പൊലീസുകാര്‍ കാവി ഷാളോ ചരടുകളോ കെട്ടി ഡ്യൂട്ടിക്ക് എത്തരുതെന്ന് ഉപമുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതിനുപുറകെയാണു നിരോധന വിഷയം വീണ്ടും ഉയര്‍ന്നുവന്നത്.

കർണാടകയെ സ്വർഗമാക്കുമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. സമാധാനം തടസ്സപ്പെട്ടാൽ, ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയാല്‍ ബജ്റംഗ്ദള്‍ അടക്കമുള്ള ഏതു സംഘടനയെയും ഉരുക്കുമുഷ്ടിയോടെ നേരിടും. നിയമം കയ്യിലെടുത്താൽ നിരോധനമടക്കമുള്ള നടപടികളുണ്ടാകും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചത് നടപ്പാക്കാനാണ്. ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്കു പോകട്ടെയെന്നും മന്ത്രി പ്രിയങ്ക് ഖര്‍ഗെ വ്യക്തമാക്കി. ഹിജാബ്, ഹലാൽ, ഗോവധം തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘എന്തുകൊണ്ടാണ് ജനങ്ങൾ അവരെ പ്രതിപക്ഷത്ത് ഇരുത്തിയതെന്ന് ബിജെപി ചിന്തിക്കണം. കാവിവത്കരണം തെറ്റാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു’’ – ഖർഗെ കൂട്ടിച്ചേർത്തു.

സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. കാവി ഷാളോ ചരടോ അണിഞ്ഞു പൊലീസുകാര്‍ ജോലിക്കെത്തുന്നത് അംഗീകരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വ്യക്തമാക്കിയിരുന്നു. മംഗളൂരു, വിജയപുര, ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ പൊലീസുകാര്‍ കാവി ഷാള്‍ അണിഞ്ഞു ജോലിക്കെത്തിയത് ചൂണ്ടികാണിച്ചായിരുന്നു ഉപമുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. അതേസമയം ഡി.കെ. ശിവകുമാറിന്റെ നിലപാട് പൊലീസിന്റെ മനോരവീര്യം തകര്‍ക്കുമെന്ന് ബിജെപി ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍എസ്എസ് – ബിെജപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുകയെന്ന ലക്ഷ്യമാണു ബജ്റംഗ്ദള്‍ നിരോധനം ചര്‍ച്ചയാക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. ഒപ്പം ഹിജാബ് നിരോധന വിഷയത്തിലടക്കം മുന്‍സര്‍ക്കാരിന്റെ നിലപാടുകളെ തിരുത്തുമെന്നും മന്ത്രിമാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Top