ദിഷ രവിയെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയും കെജ്‌രിവാളും

ഴിഞ്ഞ ദിവസം അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയും കെജ്‌രിവാളും രംഗത്തെത്തി. ദിഷ രവിയെ വിട്ടയക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ആയുധം കൈയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ പേടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ദിഷ രവിക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപണം ശക്തിപ്പെടുന്നതിനിടെയാണ് ഇരുവരുടെയും പ്രതികരണം.

ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിഷ രവിക്ക് വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല. ദിഷ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുന്നതിന് പകരം പൊലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ടേറ്റിന്റെ നടപടി തെറ്റാണ് എന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണ്‍ വ്യക്തമാക്കി. ഇന്നലെയാണ് ഗ്രെറ്റ ട്യൂന്‍ബര്‍ഗിന്റെ ടൂള്‍ കിറ്റ് ഷെയര്‍ ചെയ്‌തെന്ന് ആരോപിച്ച് ദിഷയെ അറസ്റ്റ് ചെയ്യുന്നത്.

ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. ഇരുപത്തിയൊന്നുകാരിയായ ദിഷ രവി ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പെയ്നിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളാണ്. രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ ചേര്‍ത്തായിരുന്നു ദിശ രവിയ്‌ക്കെതിരെ കേസെടുത്തത്. കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്.

കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബര്‍ഗ് ടൂള്‍കിറ്റ് എന്ന പേരില്‍ കര്‍ഷകസമരത്തെ പിന്തുണയ്ക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് നേരത്ത ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഈ ടൂള്‍ കിറ്റ് എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.

Top