ബിരുദ വിവാദം; സ്മൃതി ഇറാനിയെ പരിഹാസിച്ച് പ്രിയങ്ക ചതുര്‍വേദി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന സ്മൃതി ഇറാനിയുടെ വെളിപ്പെടുത്തലിനെയാണ് പ്രിയങ്കാ ചതുര്‍വേദി പരിഹസിച്ചത്.

സ്മൃതി ഇറാനി പണ്ട് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് സീരിയല്‍ ‘ക്യൂന്‍കി സാസ് ഭീ കഭീ ബഹൂ ഥീ’യുടെ ടൈറ്റില്‍ ഗാനത്തിന്റെ പാരഡി പാടിയായിരുന്നു പ്രിയങ്കാ ചതുര്‍വേദിയുടെ പരിഹാസം. സ്മൃതി ഇറാനി അഭിനയിക്കുന്ന ഒരു പുതിയ സീരിയല്‍ വരുന്നുണ്ടെന്ന് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രിയങ്ക പരിഹസിച്ചു. ‘ക്യൂന്‍കി മന്ത്രീജി ഭീ കഭീ ഗ്രാജ്വേറ്റ് ഥീ’ എന്നാണ് സീരിയലിന്റെ പേര് (കാരണം, മന്ത്രീജിയും ഒരിക്കല്‍ ബിരുദധാരിയായിരുന്നു) എന്ന് പ്രിയങ്ക പറയുന്നു.

യേല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയെന്നായിരുന്നു 2014 ആഗസ്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സ്മൃതി ഇറാനി അവകാശപ്പെട്ടിരുന്നത്. എന്നാലിതിനെ എതിര്‍ത്ത കോണ്‍ഗ്രസ് എന്തുകൊണ്ട് ഇക്കാര്യം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞില്ലെന്ന് ചോദിച്ച് വിമര്‍ശനവുമായി രംഗത്തെത്തി. 2004ല്‍ ചാന്ദ്‌നി ചൗകില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്മൃതി ഇറാനി, ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1996ല്‍ ബി എ ബിരുദം നേടിയെന്നായിരുന്നു എഴുതിയിരുന്നത്.

എന്നാല്‍ 2014ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ പത്രിക നല്‍കിയപ്പോള്‍ കേന്ദ്രമന്ത്രി 1994ല്‍ വിദൂരവിദ്യാഭ്യാസം വഴി ബി കോം പഠനം പൂര്‍ത്തിയാക്കി എന്നാണ് എഴുതിയിരുന്നത്. എന്നാല്‍ ഏറ്റവുമൊടുവില്‍ ഇപ്പോള്‍ 2019ല്‍ അമേഠിയില്‍ നിന്ന് നല്‍കിയ പത്രികയില്‍ സ്മൃതി ഇറാനി എഴുതിയിരിക്കുന്നത് ഇതേ കോഴ്‌സിന് ചേര്‍ന്നിരുന്നെന്നും എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നാണ്.

Top