ന്യൂഡല്‍ഹി: ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും കഴിഞ്ഞ ദിവസമാണ് തങ്ങള്‍ മാതാപിതാക്കളായെന്ന സന്തോഷവാര്‍ത്ത സമൂഹമാദ്ധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.
വാടകഗര്‍ഭത്തിലൂടെയായിരുന്നു ഇരുവരും പെണ്‍കുഞ്ഞിനെ സ്വന്തമാക്കിയത്. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ ദമ്പതികള്‍ക്ക് ആശംസകളും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വാടകഗര്‍ഭധാരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള എഴുത്തുകാരിയായ തസ്‌ലീമ നസ്‌റീനിന്റെ ട്വീറ്റ് സമൂഹമാദ്ധ്യമങ്ങളില്‍ ചൂടുപിടിക്കുകയാണ്.
വാടകഗര്‍ഭത്തിലൂടെ റെഡിമെയ്ഡ് കുഞ്ഞിനെ സ്വന്തമാക്കുന്നവര്‍ എങ്ങനെയാണ് മാതൃത്വം അനുഭവിക്കുന്നത്. കുഞ്ഞിനെ പ്രസവിക്കുന്നവര്‍ക്ക് തോന്നുന്ന അതേ വികാരങ്ങള്‍ വാടകഗര്‍ഭത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കുന്ന അമ്മമാര്‍ക്ക് തോന്നുമോയെന്നും എഴുത്തുകാരി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.
ദരിദ്രരായ സ്ത്രീകള്‍ ഉള്ളതുകൊണ്ടാണ് വാടകഗര്‍ഭധാരണം സാദ്ധ്യമാകുന്നതെന്നും എഴുത്തുകാരി ട്വിറ്ററില്‍ കുറിച്ചു. സ്വന്തം താത്പര്യങ്ങള്‍ക്കായിസമൂഹത്തില്‍ എപ്പോഴും ദാരിദ്യം നിലനില്‍ക്കണമെന്ന് സമ്പന്നര്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞിനെ സ്വന്തമാക്കണമെന്നുണ്ടെങ്കില്‍ അനാഥയായ കുഞ്ഞിനെ ദത്തെടുക്കൂ. കുഞ്ഞുങ്ങള്‍ക്ക് നിങ്ങളുടെ സ്വഭാവ ഗുണങ്ങള്‍ പാരമ്പര്യമായി ലഭിക്കേണ്ടതുണ്ട്. ഇത്തരം പ്രവണതകള്‍ സ്വാര്‍ത്ഥവും നാര്‍സിസിസ്റ്റിക് ഈഗോയുമാണെന്നും തസ്‌ലീമ നസ്‌റീന്‍ കുറിച്ചു.
എന്നാല്‍ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നത്. ഇത്തരം കാര്യങ്ങള്‍ വ്യക്തി സ്വാതന്ത്ര്യമാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ പ്രശ്‌നങ്ങള്‍ കാരണമാകാം ചിലര്‍ വാടകഗര്‍ഭധാരണം തിരഞ്ഞെടുക്കുന്നതെന്നും ഏറെപേര്‍ പ്രതികരിച്ചു.