ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ‘ഇന്ത്യ എന്റെ വീടാണ് എന്നും അതിന്റെ ചോരയൊലിക്കുന്നു’ എന്നും ഇതുമായി ബന്ധപ്പെട്ട വീഡിയോയില്‍ പ്രിയങ്ക പറഞ്ഞു. ജോലിയുടെ ഭാഗമായി നിലവില്‍ ലണ്ടനിലാണ് ഇവര്‍.
ഇന്ത്യയിലെ ഓക്സിജന്‍ പ്രതിസന്ധി, ആശുപത്രി ബെഡുകളുടെ കുറവ്, മരുന്നുകളുടെയും വാക്സിനുകളുടെയും കുറവ് എന്നിവയെ കുറിച്ച് വീഡിയോയില്‍ പ്രിയങ്ക സംസാരിക്കുന്നുണ്ട്. ‘ഞാന്‍ ലണ്ടനിലിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലുള്ള കുടുംബവും സുഹൃത്തുക്കളും ഇന്ത്യയിലെ ആശുപത്രികളെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അവിടെ റൂമുകളും ഐസിയും ഒഴിവില്ല. ആംബുലന്‍സുകള്‍ തിരക്കിലാണ്. ഓക്സിജന്‍ വിതരണം കുറവാണ്. ശ്മശാനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു’ – അവര്‍ പറഞ്ഞു.
‘ഇന്ത്യയെന്റെ വീടാണ്. അതിന്റെ ചോരയൊലിക്കുന്നു. നമ്മള്‍, ആഗോള സമൂഹം ഇന്ത്യയ്ക്ക് പരിരക്ഷ നല്‍കേണ്ടതുണ്ട്. എല്ലാവരും സുരക്ഷിതരല്ല എങ്കില്‍ നമ്മളാരും സുരക്ഷിതരല്ല’ – അവര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് നിക് ജോനാസും പ്രിയങ്കയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ടുഗദര്‍ ഫോര്‍ ഇന്ത്യ എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
തന്നെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന ഒരു ലക്ഷം പേര്‍ പത്ത് ഡോളര്‍ മാത്രം നല്‍കിയാല്‍ ഒരു ദശലക്ഷം ഡോളറാകുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. അതു വളരെ വലുതാണ്. നിങ്ങളുടെ സംഭാവന കോവിഡ് കെയര്‍ സെന്ററുകള്‍, ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, ഓക്സിജന്‍ വിതരണം തുടങ്ങിയ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് വിനിയോഗിക്കുക- അവര്‍ വ്യക്തമാക്കി.