ഐഎസ്‌ഐയോട് ചര്‍ച്ച നടത്തുന്ന കേന്ദ്രം പ്രതിപക്ഷത്തെ അകറ്റി നിര്‍ത്തുന്നു; പ്രിയങ്ക

ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയോട് പോലും ചര്‍ച്ച നടത്താന്‍ മടിക്കാത്ത കേന്ദ്രസര്‍ക്കാര്‍, രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പ്രതിക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

കേന്ദ്രസര്‍ക്കാര്‍ ഐഎസ്ഐയുമായി ദുബായില്‍ ചര്‍ച്ച നടത്തുന്നു. അവര്‍ എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുന്നില്ല? പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പൊതുജന സമ്പര്‍ക്ക അഭ്യാസം നിര്‍ത്തി, കോവിഡ് പ്രതിസന്ധിയെക്കുറിച്ച് ജനങ്ങളുമായും പ്രതിപക്ഷ കക്ഷികളുമായും സംസാരിക്കാന്‍ തയ്യാറാകണം. ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിപ്പെടുത്തി ആവശ്യമായ ഇടങ്ങളില്‍ സഹായം എത്തിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം.ജനങ്ങള്‍ മരിക്കുകയാണ്. എല്ലാ ജീവനും വിലപ്പെട്ടതാണ്. ദൈവത്തെ ഓര്‍ത്ത് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ ഉടന്‍ ചെയ്യണം, പ്രിയങ്ക പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെല്ലാം പ്രതിസന്ധിയെ നേരിടുന്നതിന് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചവരാണ്. കോവിഡിനെതിരായ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുമുള്ളതാണ്. ജനാധിപത്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. രാജ്യമാകെ ഇത്തരമൊരു പ്രതിസന്ധിയെ നേരിടുന്ന ഇത്തരമൊരു സന്ദര്‍ഭത്തില്‍ വിമര്‍ശനങ്ങളെയും കണക്കിലെടുക്കേണ്ടതുണ്ട്, പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി

ഇന്ത്യയുടെ പ്രധാനമന്ത്രിയായി 10 വര്‍ഷം പ്രവര്‍ത്തിച്ച ആളാണ് മന്‍മോഹന്‍ സിങ്. എത്രമാത്രം ബഹുമാന്യനായ വ്യക്തിയാണ് അദ്ദേഹമെന്ന് എല്ലാവര്‍ക്കും അറിയാം. മഹാമാരിയുടെ കാലത്ത് അദ്ദേഹത്തെ പോലൊരു വ്യക്തി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ അതേ മാന്യതയോടെ കണക്കിലെടുക്കേണ്ടതാണെന്നും പ്രിയങ്ക പറഞ്ഞു.

 

Top