കര്‍ഷകരുടെ മരണം; കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രിയങ്ക

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രിയങ്ക കത്തയച്ചു.

അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേസിലെ മുഖ്യപ്രതിയായിരിക്കെ കര്‍ഷകര്‍ക്ക് നീതി ലഭിക്കില്ല. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്നും കത്തില്‍ ആവശ്യപ്പട്ടു.

രാജ്യവ്യാപകമായി കര്‍ഷകര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും പ്രിയങ്ക പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലാണ് മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ആരോപണം നേരിടുന്നത്.

ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ത്തിരുന്നതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയിലാണ് നേരത്തെ ആശിഷ് മിശ്ര സ്വീകരിച്ച നിലപാടിനെ തള്ളുന്ന തെളിവ് ലഭ്യമായത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്കു നേരേ ആശിഷ് മിശ്ര വെടിവെച്ചു എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്.

Top