ന്യൂഡല്‍ഹി: പ്രിയങ്കഗാന്ധിയെ യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടുന്നതോടൊപ്പം നിര്‍ണായകമായ ബ്രാഹ്മണ വോട്ടുകളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദ്ദേശം. പ്രമുഖ തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് മുമ്പ് യുപിയിലെ തിരഞ്ഞെടുപ്പുകളില്‍ ബ്രാഹ്മണ വോട്ടുകളെ വലിയ തോതില്‍ സ്വാധീനിച്ചിരുന്ന കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ബിജെപി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2012 ല്‍ സമാജ് വാദി പാര്‍ട്ടിക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതും ബ്രാഹ്മണ വോട്ട് ഉറപ്പുവരുത്തിയതിനാലാണെന്നാണ് പഠനം.
പിന്നോക്ക പാര്‍ട്ടികളായി അറിയപ്പെടുന്ന സമാജ് വാദി പാര്‍ട്ടിക്ക് പുറമെ ബിഎസ്പി പോലും ബ്രാഹ്മണ വോട്ടുകള്‍ വലിയ രൂപത്തില്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു.
27 കൊല്ലമായി അധികാരത്തിന് പുറത്തു നില്‍ക്കുന്ന കോണ്‍ഗ്രസിന് ബ്രാഹ്മണ വോട്ടുകള്‍ കൂടുതല്‍ കിട്ടാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശം. യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ ഒരുക്കുന്നത് അദ്ദേഹമാണ്. പ്രധാനമന്ത്രി മോദിയുടെയും പിന്നീട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെയും വിജയത്തിനു കളമൊരുക്കിയതില്‍ നിര്‍ണായകപങ്കാണ് പ്രശാന്ത് കിഷോറിനുള്ളത്.
കോണ്‍ഗ്രസ് സംസ്ഥാനത്ത് വിജയിക്കാനോ അധികാരത്തില്‍ വരാനോ ഉള്ള സാധ്യത തെളിയിക്കാതെ യുപിയിലെ മുസ്ലീംങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്നാണ് മറ്റൊരു കണ്ടെത്തല്‍.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയോടെ ബിഎസ്പിക്കും സമാജ് വാദി പാര്‍ട്ടിക്കുമാണ് പ്രധാനമായും മുസ്ലിം വോട്ടുകള്‍ ലഭിച്ചു വരുന്നത്. ബ്രാഹ്മണ സമൂഹവുമായുള്ള ബന്ധം ശക്തമാക്കുക കൂടി ചെയ്താല്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ ‘ഒരു വര്‍ക്ക്’ നടത്തുന്നതിനോടൊപ്പം പിന്നോക്ക വോട്ടുകള്‍ നഷ്ട്‌പ്പെടാതെ നോക്കണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2007ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി നേതാവ് മായാവതി 89 ബ്രാഹ്മണര്‍ അടക്കം 139 സവര്‍ണ്ണ ജാതിക്കാര്‍ക്ക് സീറ്റ് നല്‍കിയിരുന്നു. പിന്നോക്ക വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്തിയായിരുന്നു മായാവതിയുടെ ഈ തന്ത്രം. ഫലം വന്നപ്പോള്‍ മികച്ച വിജയം നേടി അധികാരത്തില്‍ വരാനും അവര്‍ക്കായി.
പ്രിയങ്കഗാന്ധിയെ മുന്‍ നിര്‍ത്തി ശക്തമായ മുന്നേറ്റം നടത്തുക വഴി രാജ്യത്തെ ഏറ്റവും അധികം എംപിമാരെ സംഭാവന ചെയ്യുന്ന യുപിയുടെ ഭരണം മാത്രമല്ല അതുവഴി ഇന്ദ്രപ്രസ്ഥം തന്നെയാണ് കോണ്‍ഗ്രസിന്റെ അന്തിമ ലക്ഷ്യം.
ഉരുക്കുവനിതയെന്നറിയപ്പെടുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപസാദ്യശ്യം കൊച്ചുമകളായ പ്രിയങ്കാഗാന്ധിക്ക് ലഭിച്ചിട്ടുള്ളത് തുറുപ്പുച്ചീട്ടാക്കിയാണ് യുപിയുടെ മനം കവരാന്‍ പ്രശാന്ത് കിഷോര്‍ തന്ത്രങ്ങളൊരുക്കുന്നത്.