യു.പി തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രിയങ്ക ഗാന്ധി ! മുന്നിൽ നിന്ന് നയിക്കും

രാജ്യത്തെ കോണ്‍ഗ്രസ്സുകാര്‍, രാഹുല്‍ ഗാന്ധിയേക്കാള്‍, പ്രതീക്ഷയോടെ നോക്കി കാണുന്ന നേതാവാണ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം ഇട്ടെറിഞ്ഞ് പോയ രാഹുലിനെ, നല്ല ഒരു സംഘാടകനായി രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നില്ല. ഇവിടെയാണ് പ്രിയങ്ക ഗാന്ധി വ്യത്യസ്തമാകുന്നത്. ഇടപെടലുകളുടെ കാര്യത്തില്‍ പ്രിയങ്ക ഏറെ മുന്നിലാണ്. യു.പിയിലെ പാര്‍ട്ടി ചുമതല അവര്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

പീഢനത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചതാണ്.സംഭവ സ്ഥലത്തേക്ക് രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഒപ്പം കൂട്ടി പ്രയങ്ക പോയത് ഒടുവില്‍ പൊലീസ് കസ്റ്റഡിയിലാണ് കലാശിച്ചിരുന്നത്. ബലപ്രയോഗത്തില്‍ പരിക്കേറ്റ് രാഹുല്‍ ഗാന്ധി നിലത്ത് വീഴുന്ന സാഹചര്യം വരെ അന്നുണ്ടായി. ഇത് വലിയ മൈലേജാണ് ദേശീയ തലത്തില്‍ തന്നെ പ്രിയങ്ക ക്കും രാഹുലിനും ഉണ്ടാക്കി കൊടുത്തിരുന്നത്.

 

 

രാജ്യത്തെ ഏറ്റവും കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്യുന്ന യു.പി യുടെ ഭരണം പിടിക്കുക എന്നത, പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ച് വലിയ സ്വപ്നമാണ്. 2022-ല്‍ പ്രിയങ്ക – യോഗി ആദിത്യനാഥ് പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്നാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അവകാശപ്പെടുന്നത്. യു.പിയിലെ സെന്‍സിറ്റീവ് വിഷയങ്ങളിലെല്ലാം നേരിട്ട് ഇടപെട്ട് ബി.ജെ.പി സര്‍ക്കാറിന് മാത്രമല്ല, മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വലിയ തലവേദനയാണ് പ്രിയങ്ക സൃഷ്ടിച്ചിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയുമാണ് നിലവില്‍ യു.പിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ പ്രിയങ്ക ഗാന്ധിക്ക് കിട്ടുന്ന വാര്‍ത്താ പ്രാധാന്യം അഖിലേഷ് യാദവിനും മായാവതിക്കും കിട്ടുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.

ഹിന്ദു വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്താന്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമി പൂജയെ പരസ്യമായാണ് പ്രിയങ്ക പിന്തുണച്ചിരുന്നത്. യു.പി യില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടക്കുന്ന അതിക്രമത്തിനെതിരെയും ശക്തമായ നിലപാടുകള്‍ പ്രിയങ്ക സ്വീകരിച്ചിട്ടുണ്ട്. രൂപത്തില്‍ മാത്രമല്ല ഇടപെടലുകളിലും പ്രിയങ്ക ഓര്‍മ്മിപ്പിക്കുന്നത് മുന്‍ പ്രധാനമന്തി ഇന്ദിരാ ഗാന്ധിയെയാണ്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവിന് യു.പി പിടിക്കേണ്ടത് ആ പാര്‍ട്ടിയെ സംബന്ധിച്ചും അനിവാര്യമാണ്. ഇതേ കുറിച്ച് വ്യക്തമായ ബോധമുള്ളത് കൊണ്ടാണ് യു പിയുടെ ചുമതല പ്രിയങ്ക തന്നെ ചോദിച്ച് വാങ്ങിയിരിക്കുന്നത്.

 

 

നരേന്ദ്ര മോദയുടെ വാരണാസി ഉള്‍പ്പെടുന്ന ഈ സംസ്ഥാനത്ത് അട്ടിമറി വിജയമാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്. നിലവില്‍ ശൂന്യതയില്‍ നിന്നാണ് പ്രിയങ്ക ചിത്രം വരയ്ക്കാന്‍ ശ്രമിക്കുന്നത്. യു.പിയില്‍ കോണ്‍ഗ്രസ്സിന്റെ സംഘടനാ അടിത്തറ വളരെ മോശമാണ്. അല്പമെങ്കിലും മെച്ചപ്പെടുത്തി എടുത്തത് തന്നെ പ്രിയങ്ക ചുമതല ഏറ്റെടുത്തതിന് ശേഷമാണ്. പ്രാദേശിക നേതാക്കളോട് ഉള്‍പ്പെടെ നേരിട്ട് സംസാരിക്കുന്ന ഒരു രീതിയും പ്രിയങ്കക്കുണ്ട്. ഇത് സംഘടനാപരമായ ഉണര്‍വ്വിനും നിലവില്‍ കാരണമായിട്ടുണ്ട്.

യു പി നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ടെസ്റ്റ് റിഹേഴ്‌സലായിരിക്കും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ്. ബിജെപിക്കു കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സകല തന്ത്രങ്ങളും പയറ്റിയാണ് പ്രിയങ്കാ ഗാന്ധി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വമ്പന്‍ പ്രചാരണ പരിപാടിയാണ് യുപിയുടെ ചുമതലയുള്ള ഈ ദേശീയ ജനറല്‍ സെക്രട്ടറി ലക്ഷ്യമിട്ടിരിക്കുന്നത്. ജനുവരി മൂന്നു മുതല്‍ 25 വരെ എണ്ണായിരത്തോളം ഗ്രാമപഞ്ചായത്തുകളില്‍ ക്യാംപ് ചെയ്തു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പ്രിയങ്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബൂത്തു തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. പ്രമുഖ നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല വിഭജിച്ച് നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി പ്രിയങ്ക കഴിഞ്ഞ ഡിസംബറില്‍ വിഡിയോ കോണ്‍ഫറന്‍സും നടത്തിയിരുന്നു. ഇതു വഴി 823 ബ്ലോക്കുകളില്‍ സംഘടനാ സംവിധാനം സജ്ജമാക്കാനും പ്രിയങ്കയ്ക്കു കഴിഞ്ഞിട്ടുണ്ട്.

 

ചുമതലയുള്ള നേതാക്കള്‍ ജനുവരി മുന്ന് മുതല്‍ അതതു ജില്ലാ ആസ്ഥാനങ്ങളില്‍ തമ്പടിച്ച് പ്രവര്‍ത്തിക്കാനാണ് പ്രിയങ്ക നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള പ്രമുഖരെ പാര്‍ട്ടിയുമായി അടുപ്പിച്ച്, താഴേത്തട്ടില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നാണ്, കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലുവും വ്യക്തമാക്കിയിരിക്കുന്നത്. 60,000 ഗ്രാമസഭകളിലും പാര്‍ട്ടി സാന്നിധ്യം ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ അവകാശവാദം. കേന്ദ്രഭരണത്തിന്റെ പരാജയങ്ങള്‍, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവയും കോണ്‍ഗ്രസ്സ് സജീവ പ്രചരണ വിഷയമാക്കുന്നുണ്ട്.

ഗ്രാമങ്ങളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുമെന്നാണ് അവരുടെ മറ്റൊരു വാഗ്ദാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍, പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടുമെന്ന സൂചന ഹൈക്കമാന്റും ഇപ്പോള്‍ നല്‍കുന്നുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനെ അഭിമാന പോരാട്ടമായി കണ്ടാണ് ബി.ജെ.പിയും തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ഉണ്ടാക്കുന്ന ചെറിയ മുന്നേറ്റം പോലും ഭാവിയില്‍ വലിയ ഭീഷണിയാകുമെന്ന് കണ്ടാണ് കാവിപ്പട തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കര്‍ഷക പ്രതിഷേധം തന്നെയാണ് ബി.ജെ.പി യു.പിയിലും നേരിടുന്ന പ്രധാന വെല്ലുവിളി.

Top